കൊല്ലം: ജില്ലാ സമ്മേളനത്തിൽ വെള്ളം വിതരണം ചെയ്യാൻ ഉപയോഗിച്ച കുപ്പിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം. സംഭവവുമായി ബന്ധപ്പെട്ട് അനാവശ്യവിവാദം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ചിന്ത അറിയിച്ചു. സംഭവത്തിൽ രൂക്ഷമായ സൈബർ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ആയിരുന്നു ചിന്തയുടെ പ്രതികരണം.
പരിപാടിയ്ക്കിടെ ബിയർ കുപ്പിയ്ക്ക് സമാനമായ തരത്തിലുള്ള തവിട്ട് നിറത്തിലുള്ള കുപ്പിയിൽ ആണ് വെള്ളം വിതരണം ചെയ്തത്. ചിന്തയുൾപ്പെടെ പരിപാടിയിൽ പങ്കെടുത്ത നേതാക്കൾ ഇതിൽ നിന്നും വെള്ളം കുടിയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബിയറാണ് നേതാക്കൾ കുടിയ്ക്കുന്നത് എന്ന തരത്തിൽ ആയിരുന്നു പ്രചാരണം. ഇതിന് പിന്നാലെ നേതാക്കൾ കുടിയ്ക്കുന്നത് കരിങ്ങാലി വെള്ളമാണെന്ന് നേതാക്കൾ വ്യക്തമാക്കുകയായിരുന്നു.
എന്നാൽ ഇതിനോടകം തന്നെ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ചിന്ത രംഗത്ത് എത്തിയത്.
ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ പ്രചാരണം നടത്തുന്നത് ദൗർഭാഗ്യകരമാണെന്ന് ചിന്ത പറഞ്ഞു. പരിപാടിയിൽ വിതരണം ചെയ്തത് ചൂടുവെള്ളം ആണ്. അല്ലാതെ ബിയർ അല്ല. സാധാരണയായി വെള്ളം പ്ലാസ്റ്റിക് ബോട്ടിലുകളിൽ ആണ് വിതരണം ചെയ്യാറ്. എന്നാൽ പതിവിൽ നിന്നും വിപരീതമായി ചൂടുവെള്ളം കുപ്പിയിൽ വിതരണം ചെയ്ത് സംഘാടകർ മാതൃകയായി. ഇത് പുതിയ കാര്യമല്ല. എല്ലാവരും ചെയ്യും. സ്റ്റേജിൽ ഇരിക്കുമ്പോൾ കുപ്പിയുടെ ദൃശ്യങ്ങൾ പകർത്തുന്നതുകണ്ട് അതിശയിച്ച് പോയി എന്നും ചിന്ത വ്യക്തമാക്കി. കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ചിന്ത ഫേസ്ബുക്ക് കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
Discussion about this post