വയനാട്: സിനിമാ രംഗത്ത് താനും ഒരു അതിജീവിതയാണെന്ന് നടി പാർവ്വതി തിരുവോത്ത്. ഇതേക്കുറിച്ച് ഹേമ കമ്മിറ്റിയ്ക്ക് മുൻപിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. തനിക്ക് പറയാനുള്ളതെല്ലാം ഒരു സിനിമയായി സംവിധാനം ചെയ്യുമെന്നും പാർവ്വതി പറഞ്ഞു. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാർവ്വതി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ സങ്കടവും സന്തോഷവും ഉണ്ടായിരുന്നു. സിനിമയിൽ ഞാനും അതിജീവിതയാണ്. നേരിട്ടതെല്ലാം കമ്മിറ്റിയ്ക്ക് മുൻപിൽ തുറന്ന് പറഞ്ഞിരുന്നു. അമ്മയിൽ അംഗമായിരുന്നപ്പോൾ നിരവധി പ്രശ്‌നങ്ങൾ ആയിരുന്നു നേരിടേണ്ടിവന്നിരുന്നത്. ഇതേക്കുറിച്ച് ആവർത്തിച്ച് പറഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. നടന്മാരിൽ ചിലർക്ക് പ്രോസ്‌ട്രേറ്റിന് പ്രശ്‌നം ഉണ്ട്. അതുകൊണ്ടാണ് സിനിമാ ലൊക്കേഷനിൽ ശുചിമുറികൾ വേണമെന്ന തന്റെ ആവശ്യത്തിന് പിന്തുണ ലഭിച്ചത് എന്നും നടി പറഞ്ഞു.
അമ്മയിൽ അംഗമായിരിക്കെ ചില പ്രശ്‌നങ്ങൾ ഞാൻ ഉന്നയിച്ചിരുന്നു. അപ്പോൾ ‘ അത് വിട് പാർവ്വതി, നമ്മൾ ഒരു കുടുംബം അല്ലേ. നല്ല ഡ്രസൊക്കെ ഇട്ട് വന്ന് ആഘോഷിച്ച് സദ്യയൊക്കെ കഴിച്ച് നമുക്ക് പോകാം’ എന്നായിരുന്നു ലഭിച്ച മറുപടി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നിൽ ഡബ്ല്യുസിസിയുടെ പ്രയത്‌നം ആണെന്ന് പലരും പറഞ്ഞത് കണ്ടു. ഇത് കേട്ടപ്പോൾ സന്തോഷം തോന്നി.
നടിയെ ആക്രമിച്ച സംഭവം വലിയ ഞെട്ടൽ ആയിരുന്നു ഉളവാക്കിയിരുന്നത്. ഇതിന് പിന്നാലെ 16 പേർ ചേർന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി സങ്കടങ്ങൾ പങ്കുവയ്ക്കുകയായിരുന്നു ആദ്യം ചെയ്തത്. കഴിഞ്ഞ നാല് വർഷമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ശ്രമത്തിലാണെന്നും നടി കൂട്ടിച്ചേർത്തു.
Discussion about this post