കണ്ണൂർ: വിമാനത്തിനുള്ളിൽ സിഗരറ്റ് വലിച്ച മലയാളി യുവാവിനെതിരെ കേസ്. കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസ് എടുത്തത്. മുംബൈ പോലീസിന്റേതായിരുന്നു നടപടി.
ക്രിസ്തുമസ് ദിനത്തിൽ ആയിരുന്നു സംഭവം. അബുദാബിയിൽ നിന്നും മുംബൈയിലേക്ക് വരികയായിരുന്നു മുഹമ്മദ്. ഇൻഡിഗോയുടെ 6ഇ1402 എന്നീ വിമാനത്തിൽ ആയിരുന്നു യാത്ര. പുലർച്ചെ മൂന്ന് മണിയോടെ വിമാനത്തിലെ ടോയ്‌ലറ്റിൽ പോയ മുഹമ്മദ് പുകവലിക്കുകയായിരുന്നു.
ദീർഘനേരത്തിന് ശേഷം ടോയ്‌ലറ്റിൽ നിന്നും പുറത്തുവന്ന യുവാവിനെ ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. സീറ്റിലേക്ക് വരുന്നതിനിടെ സിഗരറ്റിന്റെ ഗന്ധം അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇവർ ടോയ്‌ലെറ്റിൽ ചെന്ന് പരിശോധിച്ചു. അപ്പോഴാണ് സിഗരറ്റ് കുറ്റി കിടക്കുന്നതായി കണ്ടത്. ജീവനക്കാർ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ പുല വലിച്ചതായി ഇയാൾ സമ്മതിച്ചു. വിമാനത്തിൽ പുകവലിക്കരുത് എന്ന കാര്യം അറിയില്ലായിരുന്നുവെന്നായിരുന്നു യുവാവിന്റെ വാദം. യാത്രാ വേളയിൽ മുഹമ്മദിന്റെ പക്കൽ ആറ് പാക്കറ്റ് സിഗരറ്റ് ഉണ്ടായിരുന്നു. ഇത് ജീവനക്കാരെ ഇയാൾ ഏൽപ്പിച്ചു.
വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതോടെ ജീവനക്കാർ സംഭവം പൈലറ്റിനെ അറിയിക്കുകയും തുടർന്ന് അദ്ദേഹം ഇത് സെക്യൂരിറ്റി എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു. പിന്നാലെ ഇവർ സഹർ പോലീസിൽ പരാതി നൽകി. . പുകവലിച്ചതിന് എയർക്രാഫ്റ്റ് ആക്ട് സെക്ഷൻ 25 പ്രകാരവും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിൽ ആക്കുന്ന തരത്തിൽ പ്രവർത്തിച്ചതിന് ഭാരതീയ ന്യായ സംഹിത 125 പ്രകാരവും യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. നോട്ടീസ് നൽകിയ ശേഷം മുഹമ്മദിനെ വിട്ടയച്ചു.
Discussion about this post