വാഷിംഗ്ടൺ: പുതുവത്സരം പിറന്നതിന് പിന്നാലെ നഗരത്തെ കണ്ണീരിലാഴ്ത്തി യുഎസിൽ ഭീകരാക്രമണം. അമേരിക്കയിലെ ന്യൂ ഓർലിയൻസ് എന്ന നഗരത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ 15 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. സംഭവം അപകടവാർത്തയെന്നാണ് ആദ്യം പുറത്ത് വന്നതെങ്കിലും ഭീകരാക്രമണമാണെന്ന് എഫ്ബിഐ അറിയിക്കുകയായിരുന്നു.
പുതുവത്സര ആഘോഷത്തിനിടെ ഡ്രൈവർ ഷംസുദ് ദിൻ ജബ്ബാർ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ ജനങ്ങൾക്ക് നേരെ തുരുതുരാ വെടിയുതിർത്തു. അക്രമിയെ പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു.
ആക്രമണം നടത്തിയ ജബ്ബാർ (42) ടെക്‌സാസിൽ താമസിക്കുന്ന യുഎസ് പൗരനാണ്. അപകടത്തിനായി ഉപയോഗിച്ച ട്രക്ക് മോഷ്ടിച്ച് കൊണ്ടുവന്നതാണെന്ന് പോലീസ് വ്യക്തമാക്കി. ഒരു മാസം മുമ്പ് മെക്‌സിക്കോയിൽ നിന്ന് ടെക്‌സസിലെ ഈഗിൾ പാസ് വഴി യുഎസിലേക്ക് കടത്തിയതാണ്. സസ്‌പെൻഡ് ചെയ്ത ലൈസൻസ് ഉപയോഗിച്ചാണ് ജബ്ബാർ വാഹനമോടിച്ചത്. ഇയാളുടെ വാഹനത്തിൽ നിന്ന് ഐഎസ് പതാക കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്.
പുതുവത്സരാഘോഷത്തിൽ പങ്കെടുക്കുന്നതിന് നിരവധിപേർ ഇവിടെയെത്തിയിരുന്നു. സംഭവം നടക്കുമ്പോൾ യുഎസ് സൈന്യത്തിലെ വെറ്ററൻ ജിം മൗററും ഭാര്യയും ബർബൺ സ്ട്രീറ്റിലുണ്ടായിരുന്നു. ഒരു എസ് യുവി വേഗതയിൽ ഓടിച്ച് ആളുകളുടെ ഇടയിലേക്ക് പാഞ്ഞുകയറിയതായി അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
Discussion about this post