തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്‌സൈസിനെതിരായ ആരോപണം ആവർത്തിച്ച് മന്ത്രി സജി ചെറിയാൻ. കേസിന് പിന്നിൽ എംഎൽഎയോട് വൈരാഗ്യമുള്ളവരാണെന്നും സിപിഎമ്മുകാർ ആരും ഇതിന് പിന്നിലില്ലെന്നും പ്രതിഭയെ ചില മാദ്ധ്യമങ്ങൾ വേട്ടയാടുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
കുട്ടികൾ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന പരാമർശവും സജി ചെറിയാൻ ന്യായീകരിച്ചു.യു പ്രതിഭയുടെ മകന്റെ കയ്യിൽ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ല. ഒപ്പമുള്ളവരുടെ പേരുകൾ മാദ്ധ്യമങ്ങൾ നൽകിയിട്ടില്ല. നടന്നത് പ്രതിഭയെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനയാണ്. തന്റെ പാർട്ടിയിലെ ഒരു എംഎൽഎയെ വേട്ടയാടിയാൽ കാഴ്ചക്കാരനാകില്ല. വലിയ തോതിൽ കഞ്ചാവ് പിടിച്ചിട്ടില്ല. യു പ്രതിഭയുടെ മകൻ കഞ്ചാവ് വലിച്ചു എന്നതിന് തെളിവില്ല. ഉപദേശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം എക്സൈസ് കേസെടുത്തു. അത് ശരിയല്ല എന്നാണ് പറഞ്ഞതെന്നും സജി ചെറിയാൻ ന്യായീകരിച്ചു.
എഫ്ഐആർ താൻ വായിച്ചതാണെന്നും അതിൽ മോശപ്പെട്ടത് ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മോശപ്പെട്ട കാര്യം ചെയ്തെന്ന് പറഞ്ഞിട്ടില്ല. പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് മന്ത്രി ചോദിച്ചു. താനും പുകവലിക്കുന്നയാളാണെന്ന് മന്ത്രി പറഞ്ഞു. പ്രതിഭ എംഎൽഎ പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു സജി ചെറിയാന്റെ പരാമർശം.
പുക വലിച്ചെന്ന് എഫ്ഐആറിൽ ഇട്ടു. അതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്. കുഞ്ഞുങ്ങളല്ലേ? അവർ വർത്തമാനം പറയും കമ്പനിയടിക്കും ചിലപ്പോൾ പുക വലിച്ചു. അതിനെന്താണ്? വലിച്ചത് ശരിയാണെന്നല്ല. ചെയ്തെങ്കിൽ തെറ്റാണ്. പ്രതിഭയുടെ മകൻ ഇങ്ങനെ ഒരു കാര്യത്തിൽ കൂട്ടുകൂടി. അതിന് പ്രതിഭ എന്ത് വേണം. അവർ ഒരു സ്ത്രീയല്ലേ? ആ പരിഗണന കൊടുക്കണ്ടേ? അവരുടെ കുട്ടിയെപ്പറ്റി അനാവശ്യം പറഞ്ഞുകാണും. അതിന് പ്രതികരണം നടത്തിക്കാണും. അവര് ഒരു അമ്മയല്ലേ? സ്വഭാവികമായി പറയും’ മന്ത്രി പറഞ്ഞു.
പ്രതിഭ എംഎൽഎയുടെ മകൻ പോളിടെക്നിക്കിൽ പഠിക്കുകയാണ്. കുട്ടികൾ കൂട്ടുകൂടണ്ടേ. ഇച്ചിരി വർത്തമാനം പറഞ്ഞു. ആരോ വന്നു പിടിച്ചു. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്തുവെന്നൊന്നും ഒരു കേസിലും ഇല്ല. എഫ്ഐആർ ഞാൻ വായിച്ചു. പുക വലിച്ചു എന്നാണ്. ഞാൻ പുകവലിക്കുന്നയാളാണ്. വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കും. പറയാൻ പേടിയൊന്നുമില്ല. പണ്ട് ജയിലിൽ കിടക്കുമ്പോൾ പഠിച്ചതാ. എം ടി വാസുദേവൻ നായർ ബീഡി വലിക്കുന്നയാളാ. കെട്ടുകണക്കിന് ബീഡി കൈയ്യിലുണ്ടാവും. ആ ശീലമുണ്ട്’, എന്നായിരുന്നു സജി ചെറിയാന്റെ ന്യായീകരണം.
Discussion about this post