തിരുവനന്തപുരം: സംവിധായികയും നടിയുമായ ഗീതു മോഹൻ ദാസിനെതിരെ രൂക്ഷ വിമർശനവുമായി കസബ സംവിധായകൻ നിതിൻ രഞ്ജി പണിക്കർ. യഷ് ചിത്രം ടോക്‌സിക്കിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെയാണ് നിതിന്റെ വിമർശനം. സ്‌റ്റേറ്റ് കടന്നപ്പോൾ ഗീതു മോഹൻദാസ് അവരുടെ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തിയെന്നാണ് നിതിൻ പറഞ്ഞത്. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീശരീരത്തെ വസ്തുവൽക്കരിക്കുന്ന ‘ആൺനോട്ട’ങ്ങളില്ലാത്ത ‘കസബ’യിലെ ‘ആൺമുഷ്‌ക്’ മഷിയിട്ട് നോക്കിയാലും കാണാൻ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം… ‘സേ ഇറ്റ് സേ ഇറ്റ്’ എന്നു പറഞ്ഞ് ഗിയറുകേറ്റി വിട്ട പുള്ളി, പക്ഷേ സ്‌റ്റേറ്റ് കടന്നപ്പോൾ ‘അവരുടെ’ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി’ എന്നാണ് നിതിൻ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചത്. സ്‌റ്റോറിയിൽ ‘ടോക്‌സിക്’ എന്ന് ടാഗ് ചെയ്തിട്ടുമുണ്ട്.
യഷിന്റെ ജന്മദിനത്തിൽ അണിയറ പ്രവർത്തകർ പുറത്ത് വിട്ട ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ടോക്‌സിക് എന്ന ചിത്രം എന്താണെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ വീഡിയോ. വിദേശതാരങ്ങളുൾപ്പെടെ വൻതാരനിരയാണ് ടോക്‌സിക്കിൽ എത്തുന്നതെന്നാണ് വിവരം. ഈ വർഷം ഏപ്രിലിൽ ചിത്രം തീയറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യഷിന്റെ പത്തൊൻപതാമത്തെ ചിത്രമാണ് ടോക്‌സിക്.
Discussion about this post