മലയാള സിനിമയിലെ കിരീടം വയ്ക്കാത്ത രാജാക്കൻമാരാണ് മോഹൻലാലും മമ്മൂട്ടിയും. പതിറ്റാണ്ടുകളായി, മറ്റൊരു താരത്തിനും അവകാശപ്പെടാനാകാത്ത അത്ര വലിയ ആരാധകവൃന്ദവും സൂപ്പർഹിറ്റ് സിനിമകളും മോളിവുഡിന്റെ ഈ രണ്ട് ബിഗ് എം’ ന് സ്വന്തമാണ്. ഇപ്പോഴിതാ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ചുള്ള രസകരമായ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് നിർമ്മാതാവും വ്യവസായിയുമായ ജോളി ജോസഫ്. മോഹൻലാലിനൊപ്പം ആന്റണി പെരുമ്പാവൂരും മമ്മൂട്ടിയ്‌ക്കൊപ്പം ജോർജും രമേശ് പിഷാരടിയും വരുന്നതെല്ലാമാണ് അദ്ദേഹം കുറിപ്പിൽ പങ്കുവയ്ക്കുന്നത്. മമ്മൂക്കയുടെ നിഴലാണ് ജോർജ് എന്ന ജോർജേട്ടൻ അതുപോലെ മോഹൻലാലിനും ആളുകളുണ്ട്. ഇതിലൂടെ മാതൃകയാക്കേണ്ട ചിലതുണ്ടെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ജോളി പറയുന്നു.
കുറിപ്പിൻ്റെ പൂർണരൂപം
‘ചക്രമുള്ള വെള്ളയിൽ വന്ന താരങ്ങൾ…! നമ്മുടെ പ്രിയങ്കകരായ മമ്മൂക്കയും ലാലേട്ടനും കൂടെ കൂട്ടുന്ന ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ? നമുക്ക് വെറുതെയൊന്ന് പരിശോധിക്കാം, വെറുതെയെന്ന് പറഞ്ഞാൽ വെറും വെറുതെ! മമ്മൂക്കയുടെ നിഴലാണ് ജോർജ് എന്ന ജോർജേട്ടൻ! മമ്മുക്കയുടെ മൂഡ് അറിയാൻ, അദ്ദേഹത്തിനോട് സംസാരിക്കാൻ ലോകം മുഴുവനും എപ്പോഴും ആദ്യം വിളിക്കുന്നത് ജോർജ്ട്ടനെയാണ്. മമ്മുക്കയുടെ പേർസണൽ മേക്കപ്പ്മാൻ മാത്രമല്ല മനസാക്ഷി സൂക്ഷിപ്പുകാരനും നിർമാതാവും കൂടിയായ ജോർജേട്ടൻ അറിയാതെ മമ്മൂക്കയുടെ പുറത്ത് ഒരു ഈച്ച പോലും വന്നിരിക്കില്ല, ഉറപ്പ്.
എന്തിനും ഏതിനും കൂടെയുണ്ടായിരുന്ന നിർമാതാവും വിതരണക്കാരനും എന്റെ ചെങ്ങായിയുമായ ആന്റോ ജോസഫിന് പ്രൊമോഷൻ നൽകി അന്താരാഷ്ട്ര യാത്രകളിൽ കൂടെ കൂട്ടുമ്പോൾ, മമ്മൂക്കയുടെ ലോക്കൽ പരിപാടികളിലെ സ്ഥിരസാന്നിധ്യകാരനായി കൂടെയുള്ളത് രസികനായ നമ്മുടെ പിഷു എന്ന പിഷാരടിയാണ്… ഇപ്പോഴത്തെ കോമ്പിനേഷൻ നോക്കൂ, മമ്മുക്ക – ജോർജ് – പിഷാരടി. ലാലേട്ടനെ ശ്രദ്ധിച്ചാൽ, ആന്റണി പെരുമ്പാവൂർ എന്ന കെങ്കേമനെ കൂടാതെ എന്ത് ജീവിതം മോനെ. ആന്റണിയുടെ അനുവാദമില്ലാതെ കൊച്ചിയിലെ കൊതുകുകൾക്കു പോലും ലാലേട്ടന്റെ ചുറ്റിലും മൂളിപാട്ടു പാടാനാകുമോ? കൃഷ്ണനായ ലാലേട്ടന്റെ തേര് തെളിച്ചിരുന്ന അർജുനായിരുന്ന ആന്റണി, ലാലേട്ടന്റെ മിക്കവാറും ഒട്ടുമിക്ക എല്ലാ കച്ചവട സ്ഥാപനങ്ങളുടെയും ഉപജ്ഞാതാവും തലവനുമാണ്. സമീർ ഹംസ എന്ന നൻപനാണ് ലാലേട്ടന്റെ ഉറ്റതോഴരിൽ മുൻപൻ എന്ന് കേട്ടിട്ടുണ്ട്. സമീർ ഹംസയുമായിട്ടുള്ള വിദേശത്തും സ്വദേശത്തും നടത്തിയ യാത്രകളുടെ പാചകങ്ങളുടെ പടങ്ങൾ നമ്മൾ എത്രയോ കണ്ടിരിക്കുന്നു. അവരുടെ കോമ്പിനേഷൻ നോക്കൂ. മോഹൻലാൽ-ആന്റണി പെരുമ്പാവൂർ-സമീർ ഹംസ.
ചുരുക്കത്തിൽ അറിഞ്ഞോ അറിയാതെയോ നമ്മുടെ സ്വന്തം മമ്മൂക്കയുടെയും ലാലേട്ടന്റെയും ശ്വാസഗതിക്കനുസരിച്ച് പ്രവർത്തിക്കുന്നവർ തൊട്ടടുത്ത് കൂടെയുള്ളവർ അവരവരുടെ വിശ്വാസങ്ങളിലോ മതങ്ങളിലോ രാഷ്ട്രീയത്തിലോ പെട്ടവരല്ലെന്ന് ചുരുക്കം. ഇതല്ലേ നമ്മളും അനുവർത്തിക്കേണ്ടത്. ജാതിയോ മതമോ രാഷ്ട്രീയമോ നിലപാടുകളോ നോക്കാതെ നല്ല മനുഷ്യരെ ചേർത്ത് നിർത്തി സുഖസുന്ദരമായി ജീവിക്കുന്ന ഇവർ നൽകുന്ന മാതൃകപരമായ സന്ദേശം നമുക്കും പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ നമ്മുടെ നാട് സ്വർഗമാകില്ലേ…? ഹിന്ദുവായ ഇന്ദുവിനെ വിവാഹം കഴിച്ച ഞാനും ചെറുങ്ങനെ അവരെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്, എത്രയോ വർഷങ്ങളായി എന്റെ കൂടെയുള്ളത് ‘കൂടെപ്പിറപ്പായ’ സിയാദാണ്. ചുമ്മാ ഒരു ഗുമ്മിന് വേണ്ടി വെറുതെ തള്ളിമറിക്കാൻ പണ്ടൊരു വീഡിയോയിൽ കേട്ട ‘പൊളി ‘ വചനങ്ങൾ കൂടി എഴുതട്ടെ… ” എന്തൊക്കെ ചെയ്താലും നിങ്ങൾ വെള്ളയിൽ വരണം, എന്തന്നാൽ അവിടെയാണ് ശോകമില്ലാത്ത ചക്രമുള്ളത് അഥവാ അശോക ചക്രമുള്ളത്..”! അർത്ഥമായിന്താ ബാബു…’
Discussion about this post