എറണാകുളം: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്. വെന്റിലേറ്ററിലാണ് കുട്ടിയുള്ളത്.
ആക്രമണത്തിൽ പെൺകുട്ടിയുടെ തലച്ചോറിന് ഗുരുതര ക്ഷതം ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ് ആരോഗ്യനില മോശമായത്. കുട്ടിയുടെ കഴുത്തിലും സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. ഞായറാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ കുട്ടിയുടെ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയുമായി അടുപ്പത്തിലായത് എന്നാണ് ആൺസുഹൃത്ത് അനൂപ് പോലീസിന് നൽകിയ മൊഴി. സൗഹൃദം പ്രണയമായി. എന്നാൽ പെൺകുട്ടിയ്ക്ക് മറ്റ് ആൺസുഹൃത്തുക്കളുമായി ബന്ധം ഉണ്ടായിരുന്നു. ഒരുപാട് തവണ വിലക്കിയിട്ടും ഇത് തുടർന്നു. ഇതേ തുടർന്നാണ് ആക്രമിച്ചത് എന്നും അനൂപ് വ്യക്തമാക്കി.
സുഹൃത്തുക്കളാണ് അനൂപിനെ പെൺകുട്ടിയുടെ വീട്ടിലേക്ക് കൊണ്ടുവിട്ടത്. തിരികെ കൊണ്ടുപോയതും ഇവരാണ്. എന്നാൽ പെൺകുട്ടിയെ ആക്രമിച്ച വിവരം അനൂപ് പറഞ്ഞിരുന്നില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി.
Discussion about this post