ന്യൂയോർക്ക്: ഭരണത്തിലേറിയതിന് പിന്നാലെ പരിഷ്‌കാരങ്ങൾ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം ഏർപ്പെടുത്തി. ഇസ്രായേലിനെതിരെ സ്വീകരിച്ച നടപടികളെ തുടർന്നാണ് ട്രംപിന്റെ നടപടി.
ഇസ്രായേലുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് അമേരിക്ക. ഹമാസുമായുള്ള പോരാട്ടത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. അമേരിക്കയോ, ഇസ്രായേലോ ഈ കോടതിയിൽ അംഗമല്ല. എന്നിട്ടും നെതന്യാഹുവിനെതിരെ നടപടി സ്വീകരിക്കാൻ തുനിഞ്ഞതാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്ക് വിനയായത്. ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉത്തരവിൽ ഉണ്ട്. അമേരിക്കയെയും അടുത്ത സുഹൃത്തായ ഇസ്രായേലിനെയും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നിരത്തി കോടതി ലക്ഷ്യമിടുകയാണെന്ന് ഉത്തരവിൽ പറയുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നെതന്യാഹുവിനും അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രിയായ യോവ് ഗല്ലാന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രായേലിനോ അമേരിക്കയ്‌ക്കോ എതിരെ നടപടി സ്വീകരിക്കാൻ കോടതിയ്ക്ക് യാതൊരു അധികാരവും ഇല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നടപടികളെ അതിക്രമം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഉപരോധം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ആരംഭിക്കുന്നത്. രാജ്യങ്ങൾക്ക് നേരെ അതിക്രമം നടത്തിയ കോടതി അതിന്റെ പരിണിത ഫലം അനുഭവിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കോടതിയിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ബന്ധുക്കളെയും അമേരിക്കയിൽ പ്രവേശിക്കാൻ അനുവദിക്കുകയില്ല. ഇവരുടെ അമേരിക്കയിലെ സ്വത്തുക്കൾ മരവിപ്പിക്കുമെന്നും ഉത്തരവിൽ വിശദമാക്കുന്നുണ്ട്. അതേസമയം ട്രംപിന്റെ നടപടിയിൽ പ്രതികരിച്ച് മനുഷ്യാവകാശ സംഘടനാ പ്രവർത്തകർ ഉൾപ്പെടെ രംഗത്ത് എത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ട്രംപിനെ കാണാൻ നെതന്യാഹു അമേരിക്കയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയ്‌ക്കെതിരായ അമേരിക്കയുടെ നടപടി എന്നതും ശ്രദ്ധേയമാണ്. മൂന്ന് ദിവസം നെതന്യാഹുവിന്റെ സന്ദർശനം നീണ്ടു. ഈ ദിനങ്ങളിലെല്ലാം വിവിധ പ്രതിനിധികളായി നിർണായക ചർച്ചകൾ അദ്ദേഹം നടത്തിയിരുന്നു.
124 രാജ്യങ്ങളാണ് ക്രിമിനൽ കോടതിയിൽ അംഗങ്ങൾ ആയിട്ടുള്ളത്. നേരത്തെയും ട്രംപ് ഭരണകൂടം കോടതിയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ട്രംപ് അധികാരത്തിലിരിക്കെ അഫ്ഗാനിലെ ഭീകരർക്ക് നേരെ സ്വീകരിച്ച നടപടി കോടതിയിൽ വലിയ അതൃപ്തി ഉളവാക്കിയിരുന്നു. ഇതിൽ അമേരിക്കയ്‌ക്കെതിരെ അന്വേഷണം നടത്താൻ അന്ന് കോടതി ഉത്തരവുണ്ടായിരുന്നു. ഇതിന് പിന്നാലെ ചീഫ് പ്രോസിക്യൂട്ടർ ആയ ഫാറ്റൂ ബെൻസൗദയ്ക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. എന്നാൽ പിന്നീട് ജോ ബൈഡൻ അധികാരത്തിൽ വന്നതോടെ ഈ വിലക്ക് പിൻവലിക്കുകയായിരുന്നു. അതുമാത്രമല്ല, കോടതിയുടെ വിചാരണകളോട് ബൈഡൻ ഭരണകൂടം സഹകരിക്കുകയും ച്യെുത.
Discussion about this post