എറണാകുളം: മലയാളി ആണെങ്കിലും മോളിവുഡിനെക്കാൾ അന്യഭാഷാ സിനിമകളിൽ വളരെ തിരക്കുള്ള നടിയാണ് നയൻതാര. വിരലിൽ എണ്ണാവുന്ന മലയാള സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. ടെലിവിഷൻ അവതാരക ആയിട്ടായിരുന്നു നയൻതാര ആദ്യം പ്രേഷകർക്ക് മുൻപിൽ എത്തിയത്. പിന്നീട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമാണ് നടി അഭിനയിച്ചിട്ടുള്ളത് എങ്കിലും എല്ലാ കഥാപാത്രങ്ങളും ഇന്നും മലയാളി പ്രേഷകർ ഓർത്തിരിക്കാറുണ്ട്.
മലയാള സിനിമ ഉപേക്ഷിച്ച നയൻതാര തമിഴിൽ ആയിരുന്നു ചുവട് ഉറപ്പിച്ചത്. തമിഴിൽ അതിവേഗം തിളങ്ങിയ ഇവർ തിരക്കേറിയ നടിയായി. തെലുങ്ക്, കന്നട ഭാഷകളിലും നയൻതാര പിന്നീട് സാന്നിദ്ധ്യം അറിയിച്ചു. ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര.
ഗോൾഡ് ആയിരുന്നു താരം അവസാനമായി അഭിനയിച്ച മലയാള സിനിമ. ഇതിന് ശേഷം അന്യഭാഷയിലെ സിനിമാ തിരക്കുകളിലേക്ക് നടി കടന്നു. എന്നാൽ ഇപ്പോഴിതാ മലയാളത്തിൽ വീണ്ടും തിരുച്ചുവരവിന് ഒരുങ്ങുകയാണ് നയൻതാര എന്നാണ് വിവരം.
സൂപ്പർ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിലാണ് നയൻതാര പ്രധാന വേഷത്തിൽ എത്തുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി എത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നയൻതാര മലയാള സിനിമയിൽ അഭിനയിക്കുന്നത്.
മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇരു താരങ്ങളെയും ഒന്നിപ്പിച്ചുകൊണ്ട് മഹേഷ് നാരായണൻ നിർമ്മിക്കുന്നത്. മൂന്ന് ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രത്തിന്റെ നാലാമത്തെ ഷെഡ്യൂൾ കൊച്ചിയിലാണ്. ഇവിടെയാണ് കഴിഞ്ഞ ദിവസം നയൻതാര എത്തിയത്. മഹേഷ് നാരായണൻ തന്നെയാണ് ഇതിന്റ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചത്. ഇതോടെ വലിയ ആകാംഷയിലാണ് സിനിമാ പ്രേമികൾ.
മമ്മൂട്ടിയ്‌ക്കൊപ്പം കുശലം പറയുന്ന നയൻതാരയുടെ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയ്ക്കും നയൻതാരയ്ക്കും ഒപ്പും മോഹൻലാലും അഭിനയിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി എന്നിങ്ങനെ മുൻനിര താരങ്ങളും അഭിനയിക്കുന്നുണ്ട്. രേവതി ഉൾപ്പെടുന്ന രംഗങ്ങളുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂർത്തിയായി.
9 വർഷങ്ങൾക്ക് ശേഷം ആണ് മമ്മൂട്ടിയ്‌ക്കൊപ്പം നയൻതാര അഭിനയിക്കുന്നത്. 18 വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്നത് എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്. ശ്രീലങ്കയിൽ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. പിന്നീട് ഷാർജ, അസർബൈജാൻ, എന്നിവിടങ്ങളിലും ഷൂട്ടിംഗ് ഉണ്ടായിരുന്നു. അടുത്ത ഷെഡ്യൂൾ ഡൽഹിയിൽ ആണെന്നാണ് വിവരം.
ബോളിവുഡിലെ പ്രശസ്ത സിനിമാറ്റോഗ്രഫർ ആയ മനുഷ് നന്ദനാണ് സിനിമയുടെ ഛായാഗ്രഹണം. രൺജി പണിക്കർ, രാജീവ് മേനോൻ, ഷഹീൻ സിദ്ദിഖ്, ദർശന രാജേന്ദ്രൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ ഉണ്ട്.
Discussion about this post