കോട്ടയം: നമ്മുടെ കേരളത്തിൽ റാഗിംഗ് എന്ന അപരിഷ്‌കൃതമായ കുറ്റകൃത്യം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. വിദ്യാലയങ്ങൾക്കുള്ളിൽ മറ്റു വിദ്യാർത്ഥികളെ റാംഗിന്റെ പേരിൽ ഉപദ്രവിച്ചാൽ കർശനശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ ഈ നിയമങ്ങൾക്ക് വിദ്യാർത്ഥികൾ പുല്ലുവിലയാണ് കൽപ്പിക്കുന്നത് എന്നാണ് നമ്മുടെ കലാലയങ്ങളിൽ അടുത്തിടെ ഉണ്ടായ സംഭവ വികാസങ്ങൾ വ്യക്തമാക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് കോളേജിൽ ഉണ്ടായ സംഭവങ്ങൾ ഇതിൽ അവാസനാത്തെ ഉദാഹരണം ആണ്.
അതിക്രൂരമായ റാഗിംഗ് ആയിരുന്നു സീനിയർ വിദ്യാർത്ഥികളായ അഞ്ചംഗ സംഘത്തിൽ നിന്നും ജൂനിയർ വിദ്യാർത്ഥികൾക്ക് നേരിടേണ്ടിവന്നിരുന്നത്. മൂന്ന് മാസമായി തുടരുന്ന ഈ ക്രൂരകൃത്യം സഹിക്കാനാകാതെ വിദ്യാർത്ഥികളിൽ ഒരാൾ ഈ വിവരം രക്ഷിതാക്കളോട് പറയുകയായിരുന്നു. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ പുറം ലോകം അറിഞ്ഞത്.
കോട്ടയം സ്വദേശി സാമുവൽ ( 20), വയനാട് നടവയൽ സ്വദേശി ജീവ (19), മലപ്പുറം സ്വദേശി റിജിൽജിത്ത് (20), വണ്ടൂർ സ്വദേശി രാഹുൽ രാജ് (22), കോട്ടയം സ്വദേശി വിവേക് (21) എന്നിവരാണ് ജൂനിയർ വിദ്യാർത്ഥികളെ റാഗിംഗിന് ഇരയാക്കുന്ന അഞ്ചംഗ സംഘം. ഹോസ്റ്റൽ മുറികളാണ് ഇവരുടെ കേന്ദ്രങ്ങൾ. കോളേജ് ഹോസ്റ്റലിലെ അന്തേവാസികൾ ആയ ആറ് കുട്ടികളാണ് ഇവരുടെ ക്രൂരതയ്ക്ക് ഇരയായത്.
നവംബർ നാലിനാണ് നഴ്‌സിംഗ് കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ആരംഭിച്ചത്. ഈ ദിനം മുതൽ പ്രതികൾ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരതയ്ക്ക് ഇരയാക്കുകയാണെന്നാണ് വിവരം. കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കിയും കത്തികൊണ്ട് ഭീഷണിപ്പെടുത്തിയും ആണ് ഇവർ വിദ്യാർത്ഥികളെ റാഗിംഗിന് ഇരയാക്കാറുള്ളത്. ശരീരത്തിൽ മുഴുവൻ കത്തിയും കോമ്പസും ഉപയോഗിച്ച് വരഞ്ഞ് മുറിവുണ്ടാകും. വേദനകൊണ്ട് പുളയുമ്പോൾ ഇതിൽ ശരീരത്തിൽ തേയ്ക്കുന്ന ലോഷനുകൾ ഒഴിക്കും.
ശക്തമായ നീറ്റൽ ആയിരിക്കും ഈ സമയം അനുഭവപ്പെടുക. വേദന കൊണ്ട് പുളയുമ്പോൾ കുട്ടികളുടെ വായിലും ശരീരത്തിലും ഇവർ ക്രീം തേയ്ക്കും. നഗ്നരായി നിർത്തി സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കും. ഞായറാഴ്ച ദിവസങ്ങളിൽ സീനിയർ വിദ്യാർത്ഥികൾ മദ്യപിക്കും. ഇതിന് പണം നൽകേണ്ടത് ജൂനിയർ വിദ്യാർത്ഥികളാണ്.
പീഡനം ആരെങ്കിലും പുറത്തുപറയുമോ എന്ന് അഞ്ചംഗ സംഘം ഭയന്നിരുന്നു. അതിനാൽ ഇത് ഒഴിവാക്കുന്നതിനായി ജൂനിയർ വിദ്യാർത്ഥികൾക്ക് നിർബന്ധിച്ച് മദ്യം നൽകി ഈ വീഡിയോ ഫോണിൽ പകർത്തി. സംഭവം പുറത്തറിഞ്ഞാൽ ഇത് പ്രചരിപ്പിക്കും എന്നായിരുന്നു ഇവരുടെ ഭീഷണി. ജൂനിയർ വിദ്യാർത്ഥികളോട് സീനിയർ വിദ്യാർത്ഥികൾ തിങ്കളാഴ്ച പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാൻ കഴിയാതെ വന്നതോടെ പ്രതികൾ ഇവരെ മർദ്ദിക്കുകയായിരുന്നു. ഇതോടെ കുട്ടികളിൽ ഒരാൾ വിവരം രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കളുടെ പിന്തുണയോടെ കുട്ടികൾ പോലീസിനെ സമീപിക്കുകയായിരുന്നു.
Discussion about this post