തിരുവനന്തപുരം: സിനിമ സമരവുമായി ബന്ധപ്പെട്ട നിര്‍മാതാവും നടനുമായ ജി സുരേഷ് കുമാറിന്റെ പ്രഖ്യാപനവും തുടര്‍ന്നുള്ള നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റും വലിയ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമ മേഖലയില്‍ ഇരു ചേരികൾ തമ്മിലുള്ള പോര് ശക്തമായിരിക്കുകയാണ്. സംഘടനയുടെ വൈസ് പ്രസിഡന്റ് സുരേഷ് കുമാറിനെതിരെ പരസ്യപ്രതികരണം നടത്തിയ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ നടപടി അനുചിതമായിപ്പോയെന്ന് ആണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാടെടുത്തത്.
ഇപ്പോഴിതാ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് പങ്കുവച്ചു രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’ എന്ന് കുറിച്ചുകൊണ്ട് ആണ് മോഹന്‍ലാല്‍ പോസ്റ്റ് പങ്കുവച്ചത്.
മലയാള സിനിമാവ്യവസായത്തെപ്പറ്റിയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സമരത്തെ കുറിച്ചും സുരേഷ്‌കുമാർ മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമയിലെ ഇത്തരം സമരങ്ങൾ നല്ലതല്ലെന്ന് ആന്റണി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സിനിമ 50 കോടി, 100 കോടി, 200 കോടി 500 കോടി ക്ലബ്ബുകളിൽ കയറുക എന്നത് ഇന്ത്യയിലെവിടെയുമുള്ള ഫിലിം ഇൻഡസ്ട്രകളിൽ നിലവിലെ രീതിയനുസരിച്ച് എന്റെ അറിവിൽ മൊത്തം കളക്ഷനെ അഥവാ ഗ്രോസ് കളക്ഷനെ അടിസ്ഥാനമാക്കി തതന്നെയാണ്. തീയറ്ററിൽ നിന്നു മൊത്തം വരുന്ന കളക്ഷനും ആ സിനിമയ്ക്ക് വിവിധ രീതികളിൽ നിന്ന് വന്നുചേരുന്ന മറ്റുവരുമാനങ്ങളും കൂടി അതിനെ നിർമ്മാതാവിനു മാത്രം കിട്ടിയതായുള്ള അവകാശവാദമായി ചിത്രീകരിച്ചു വിമർശിക്കുന്നതിന്റെ പൊരുൾ ദുരൂഹമാണെന്നും അദ്ദേഹം കുറിച്ചു.
Discussion about this post