എറണാകുളം: സിനിമ മേഖലയിലെ ചേരി തിരിഞ്ഞുള്ള പോരിൽ പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡൻറുമായ ലിസ്റ്റിൻ സ്റ്റീഫൻ. സിനിമാ മേഖലയിൽ ഇപ്പോൾ തുടരുന്ന പ്രശ്‌നങ്ങൾ അതിര് വിടുന്നുവെന്ന് തോന്നിയതുകൊണ്ടാണ് താൻ പ്രതികരിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ ലിസ്റ്റിൻ വ്യക്തമാക്കി.
സിനിമാ സമരം കൂട്ടമായി എടുത്ത തീരുമാനമാണെന്ന് ലിസ്റ്റിൻ വ്യക്തമാക്കി. സംയുക്തമായി നടത്തിയ യോഗത്തിൽ സിനിമാ താരങ്ങളുടെ പ്രതിഫലം ഉൾപ്പെടെ ചർച്ച ചെയ്തിരുന്നു. എല്ലാ സംഘടനകളും മീറ്റിംഗിൽ പങ്കെടുത്തിരുന്നു. സിനിമാ സംഘടനകളുടെ ഇടയിൽ പ്രശ്‌നങ്ങൾ ഇല്ലെന്നും ലിസ്റ്റിൻ വ്യക്തമാക്കി.
താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്നും 5 ലക്ഷത്തിന് മുകളിൽ പ്രതിഫലം വാങ്ങുന്ന താരങ്ങൾക്ക് മൂന്ന് ഘട്ടമായി അത് നൽകാമെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാക്കി അമ്മ സംഘടനയ്ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കത്ത് നൽകിയിരുന്നു. എന്നാൽ, ജനറൽ ബോഡി യോഗം ചേരാതെ അതിൽ ഉറപ്പ് പറയാൻ സാധിക്കില്ലെന്നാണ് അമ്മയിലെ അംഗങ്ങൾ ഇതിന് മറുപടി നൽകിയത്. ഷൂട്ടിംഗ് സമയത്ത് പ്രതിഫലത്തിന്റെ 30 ശതമാനവും ഡബ്ബിംഗ് സമയം 30 ശതമാനവും റിലീസിന് മുമ്പ് ബാക്കി 40 ശതമാനവും നൽകാമെന്നായിരുന്നു തീരുമാനം. അമ്മ സംഘടന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി നല്ല ബന്ധത്തിലാണ് പോവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാള സിനിമ തകർച്ചയുടെ വക്കിലാണ്. പല നിർമാതാക്കളും നാട് വിടേണ്ട അവസ്ഥയിലാണ്. അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട അംഗങ്ങളാണ് ഡി സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും. ഇരുവരും ഒരു ടേബിളിന് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിക്കേണ്ട വിഷയമായിരുന്നു. നിർമാതാക്കൾക്കിടയിൽ ഒരു പ്രശ്‌നവുമില്ല. നാളെ ഒരു സിനിമാ സമരം വന്നാൽ, അതിന് ഏറ്റവും മുമ്പിൽ നിൽക്കുന്ന ആളായിരിക്കും ആന്റണി പെരുമ്പാവൂർ. സുരേഷ് കുമാറും ഒരു അഭിനേതാവിനെ ഉദ്ദേശിച്ച് പറഞ്ഞ കാര്യമല്ല. ആരെയും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചല്ല, അദ്ദേഹം ഇക്കാര്യം പറഞ്ഞത് എന്നും ലിസ്റ്റിൻ പറഞ്ഞു.
Discussion about this post