ഇസ്ലാമാബാദ്: പാകിസ്താനിൽ യാചകയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് പോലീസ് ഉദ്യോഗസ്ഥൻ. ലാഹോറിലെ ഷഫീഖ്ബാദിലാണ് സംഭവം. പോലീസുകാരൻ വയോധികയായ യാചകയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷഫീഖ്ബാദ് പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ ആയ അംജാദ് ആണ് പ്രതി. രാത്രി ഡ്യൂട്ടിയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അംജാദ് എന്നാണ് വിവരം. ഇതിനിടെയാണ് വയോധിക വഴിയരികിൽ ഭിക്ഷയാജിക്കുന്നത് ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇരു ചക്രവാഹനത്തിൽ ആയിരുന്നു അംജദ് വീട്ടിലേക്ക് പോയിരുന്നത്. യാചകയെ കണ്ടതോടെ ഇയാൾ വാഹനം വഴിയരികിൽ നിർത്തുകയായിരുന്നു. സംഭവ സമയം റോഡിൽ തിരക്കുണ്ടായിരുന്നില്ല. ആരുമില്ലെന്ന് കണ്ടതോടെ ഇയാൾ യാചകയെ വലിച്ചിഴച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ട്‌പോയി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
ഓടിരക്ഷപ്പെടാതിരിക്കാൻ ഇയാൾ തോക്ക് ചൂണ്ടി.ശേഷം യാചകയെ ഉപദ്രവിക്കുകയായിരുന്നു. സംഭവ സമയം റോഡിലൂടെ പോയവർ സ്ത്രീയുടെ ശബ്ദംകേട്ടു. തുടർന്ന് വാഹനം നിർത്തി കരച്ചിൽ കേട്ട ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ഈ സമയം യാചകയെ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നതാണ് ഇവർ കണ്ടത്. ഇതോടെ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്നു.
ഇത് കണ്ടതോടെ അംജദ് ആളുകൾക്ക് നേരെയും ആക്രമണം നടത്തി. തന്റെ ഷൂസ് ഉപയോഗിച്ച് ആളുകളെ ഇയാൾ അടിച്ചു. തോക്ക് ചൂണ്ടി ഇയാൾ ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ അവശനിലയിൽ ആയ യാചകയെ രക്ഷിക്കാൻ കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവാവ് ശ്രമിച്ചു. ഈ യുവാവിന്റെ കാലിലേല്ക്ക് അംജദ് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ യുവാവിന്റെ കാൽപ്പാദത്തിന് മുറിവേറ്റു. ഇതിന് പിന്നാലെ അംജദ് അതിവേഗം ഇവിടെ നിന്നും വാഹനത്തിൽ രക്ഷപ്പെട്ട് പോകുകയായിരുന്നു.
പകർത്തിയ ദൃശ്യങ്ങൾ എല്ലാവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ലാഹോർ ഡിഐജി അംജദിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഇയാളെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തതായും വിവരമുണ്ട്.
Discussion about this post