കുവൈത്ത് സിറ്റി: 60 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ്. നിയമലംഘനങ്ങൾ മൂലം ട്രാഫിക് കൺട്രോൾ ക്യാമറകളിൽ പിടിക്കപ്പെടുന്ന ഡ്രൈവർമാരെ വിളിച്ചുവരുത്താൻ തുടങ്ങിയിട്ടുണ്ട്.
ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റ് ശക്തിപ്പെടുത്തുന്നതിനും റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കുന്ന അപകടകരമായ ഡ്രൈവിംഗ് പെരുമാറ്റങ്ങൾ കുറയ്ക്കുന്നതിനുമുള്ള വകുപ്പിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
വാഹനങ്ങളിൽ അമിത ശബ്ദമുണ്ടാക്കാൻ മോഡിഫൈഡ് എക്സ്ഹോസ്റ്റുകൾ ഘടിപ്പിക്കുന്നവർക്കെതിരെയു൦ നടപടി സ്വീകരിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി വാഹന പരിശോധന ശക്തമാക്കും. സ്ഥിരം, മൊബൈൽ പരിശോധനാ പോയിന്റുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. അനധികൃത എക്സ്ഹോസ്റ്റുകൾ ഘടിപ്പിച്ച വാഹനങ്ങളും 60 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും.
ഇത്തരം മാറ്റങ്ങൾ വരുത്തുന്ന ഗ്യാരേജുകളും വർക്ക്ഷോപ്പുകളും ഉടൻ അടച്ചുപൂട്ടും. വിൽപനക്കാർക്കെതിരെയും കർശന നടപടിയുണ്ടാകും. നിയമലംഘകർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
2025 ഏപ്രിൽ 22 മുതൽ, വേഗപരിധി കവിയുന്ന ഡ്രൈവർമാർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും 600 മുതൽ 1,000 കുവൈത്തി ദിനാർ വരെ പിഴയും ചുമത്തപ്പെട്ടും. അല്ലെങ്കിൽ കോടതിയിലേക്ക് റഫർ ചെയ്യപ്പെടും. കൂടാതെ, റോഡിൻ്റെ വേഗത പരിധിയും ഡ്രൈവറുടെ ലംഘനവും അനുസരിച്ച് 70 മുതൽ 150 ദിനാർ വരെ ആയിരിക്കും പിഴ ചുമത്തപ്പെടുക.
Discussion about this post