എറണാകുളം: സിനിമാ രംഗത്ത് തന്നെ അതിരുകളില്ലാതെ സ്വപ്‌നം കാണാൻ പഠിപ്പിച്ചത് പൃഥ്വിരാജ് ആണെന്ന് ടൊവിനോ തോമസ്. എംപുരാന്റെ കൊച്ചിയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപുരാന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും എംപുരാൻ മലയാള സിനിമയ്ക്ക് അഭിമാനിക്കാനുള്ള വകയാണെന്നും ടൊവിനോ കൂട്ടിച്ചേർത്തു.
കരിയറിലെ നിർണായക ഘട്ടങ്ങളിൽ സഹായിച്ച വ്യക്തിയാണ് പൃഥ്വിരാജ്. അതിരുകൾ ഇല്ലാതെ സ്വപ്‌നം കാണാൻ കഴിയുന്ന മേഖലയാണ് സിനിമ. എന്നും വലിയ രീതിയിൽ ചിന്തിക്കണമെന്നും രാജുവേട്ടൻ പറഞ്ഞുതന്നു. സെവൻത് ഡേയ്ക്ക് ശേഷം എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഈ സിനിമയുടെ റിലീസിന്റെ അന്ന് രാവിലെ അദ്ദേഹത്തിന് നന്ദി പറഞ്ഞ് മെസേജ് അയച്ചിരുന്നു.
നായക വേഷങ്ങൾ നിന്നെ ഇനി തേടിവരും എന്നായിരുന്നു രാജുവേട്ടൻ നൽകിയ മറുപടി. സപ്പോർട്ടിംഗ് ആക്ടർ ആയിട്ടല്ലേ ഈ സിനിമയിൽ അഭിനയിച്ചത്. അപ്പോൾ അത്തരം റോളുകളല്ലെ തുടർന്നും ലഭിക്കുക എന്ന് ഞാൻ തിരിച്ച് ചോദിച്ചു. നീ കണ്ടോ എന്നായിരുന്നു ഇതിനോട് അദ്ദേഹം പറഞ്ഞത്. അന്ന് മുതൽ ലീഡ് റോളുകൾ ആണ് എന്നെ തേടിവന്നത്. ഇപ്പോഴും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിച്ച് ചോദിക്കുന്നത് രാജുവേട്ടനാണ്.
മലയാളത്തിന് അഭിമാനമായി ഒരു സിനിമ കൊണ്ടുവരാൻ അത്ര എളുപ്പം കഴിയില്ല. വളരെ വലിയ ആത്മവിശ്വാസം ആണ് രാജുവേട്ടന്. അത് ഞാൻ അസൂയയോടെ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. പല ഭാഗങ്ങളും ഷൂട്ട് ചെയ്തതിന് ശേഷം അദ്ദേഹം എന്നോട് പറഞ്ഞു. പണ്ടത്തേതിനെക്കാൾ അഭിനയം മെച്ചപ്പെട്ടിട്ടുണ്ട് എന്ന്. അത് വലിയ അംഗീകാരമായി കാണുന്നു.
എംപുരാൻ മലയാള സിനിമയ്ക്ക് അഭിമാനിക്കാനുള്ള വകയാണ് എന്നതിനൊപ്പം മലയാള സിനിമയുടെ പുതിയ വാതായനങ്ങൾ തുറന്നിടുന്ന ഒന്ന് കൂടിയാകട്ടെ എന്ന് ആശംസിക്കുന്നു. കൂതറയിലാണ് ലാലേട്ടനുമായി ആദ്യമായി സ്‌ക്രീൻ പങ്കിടാൻ അവസരം ലഭിച്ചത്. കൂതറയിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളാണ് സാധാരണ സിനിമാ ആസ്വാദകൻ എന്ന നിലിയിൽ എന്റെ മനസിലേക്ക് ഓടി വന്നത്. ലൂസിഫറിൽ ഞങ്ങൾ തമ്മിൽ കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നില്ല. എന്നാൽ എംപുരാനിൽ ഉണ്ട്. ഇത്രയും വലിയ ബഹുമാനിക്കപ്പെടുത്ത ആക്ടർ, ഒരുപാട് പ്രിവിലേജുകൾ അനുഭവിക്കാൻ ഇടയുണ്ടായിട്ടും സിനിമയോട് കാണിക്കുന്ന കൊതിയും ആവേശവും ആരാധന തോന്നിക്കുന്നതാണ്. ലാലേട്ടനുമായി സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും ടൊവിനോ വ്യക്തമാക്കി.
എന്നെ ഒരുപാട് ഇൻസ്‌പെയർ ചെയ്ത വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ. അദ്ദേഹം എന്നോട് പറഞ്ഞ കാര്യങ്ങൾ പല വേദികളിലും ആവർത്തിക്കാറുണ്ട്. ഒരു ചേട്ടനെ പോലെ സ്‌നേഹം നൽകിയിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി കല്ല് പോലെ നിന്ന പ്രൊഡ്യൂസറാണ് ആന്റണി ചേട്ടൻ. വളരെ ചുരുങ്ങിയ സിനിമകൾ മാത്രമാണ് ഇന്ദ്രജിത്തുമായി ചേർന്ന് ചെയ്തിട്ടുള്ളത്. എന്നാൽ അദ്ദേഹവുമായി നല്ല ബന്ധമാണ്. തനിക്ക് സഹോദരനെപോലെ ആണ്. സ്വന്തം സഹോദരിയെ പോലെയാണ് മഞ്ജു വാര്യരെന്നും ടൊവിനോ പറഞ്ഞു.
Discussion about this post