നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഡൽഹിയിലെത്തി. അമേരിക്കൻ സെക്കൻഡ് ലേഡിയായ ഭാര്യ ഇന്ത്യൻവംശജയായ ഉഷ വാൻസിനൊപ്പമാണ് യുഎസ് വൈസ് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് യുഎസ് വൈസ് പ്രസിഡന്റിനെ സ്വീകരിച്ചു. ഇന്ത്യൻ വസ്ത്രങ്ങളണിഞ്ഞാണ് ദമ്പതിമാരുടെ മക്കൾ എത്തിയത്.
കുടുംബം ഒന്നിച്ച് ഡൽഹിയിലെ പ്രശസ്തമായ അക്ഷർധാം ക്ഷേത്രം സന്ദർശിച്ചു. ഡൽഹിയിലെ ഐടിസി മയൂര്യ ഷെറാട്ടൺ ഹോട്ടലിലാണ് വാൻസും കുടുംബവും തങ്ങുക. പരമ്പരാഗത ഇന്ത്യൻ കരകൗശല വസ്തുക്കൾ വിൽക്കുന്ന മാർക്കറ്റിലും സന്ദർശനം നടത്തും. വൈകീട്ട് ആറരയ്ക്ക് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ അത്താഴവിരുന്നൊരുക്കും. ഇതിനു മുന്നോടിയായുള്ള കൂടിക്കാഴ്ചയില്‍ വ്യാപാര-തീരുവ പ്രശ്‌നങ്ങളടക്കം ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചയാകും. ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി വിനയ് മോഹന്‍ ഖ്വാത്ര എന്നിവര്‍ പങ്കെടുക്കും.
ഇന്ന് രാത്രി രാജസ്ഥാനിലെ ജയ്പുരിലേക്ക് പോകുന്ന വാൻസും കുടുംബവും പ്രസിദ്ധമായ രാംബാഗ് കൊട്ടാരത്തിലാണ് തങ്ങുക. 22ന് യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ജയ്പുരിലെ അമേർ കോട്ട ഉൾപ്പെടെ ഉള്ള സ്ഥലങ്ങൾ സന്ദർശിക്കും. ഉച്ചകഴിഞ്ഞ് രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന പരിപാടിയിൽ ട്രംപ് ഭരണകൂടത്തിന് കീഴിലെ ഇന്ത്യ – യുഎസ് ബന്ധം എന്ന വിഷയത്തിൽ സംസാരിക്കും.
23ന് വാൻസും കുടുംബവും ആഗ്രയിൽ എത്തി ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സന്ദർശിക്കും. ആഗ്രയിലെ ശിൽപഗ്രാമവും വാൻസ് സന്ദർശിക്കും. വൈകുന്നേരം ജയ്പുരിലേക്ക് മടങ്ങുന്ന സംഘം പിറ്റേദിവസം ജയ്പുരിൽനിന്ന് യുഎസിലേക്ക് മടങ്ങും.
Discussion about this post