ക്രിക്കറ്റിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നായ ഓസ്ട്രേലിയ കളിക്കളത്തിൽ കാണിക്കുന്ന പോരാട്ടവീര്യം ഉണ്ടല്ലോ, അതൊക്കെ മറ്റുള്ള രാജ്യങ്ങളിൽ പലർക്കും ചിന്തിക്കാൻ പോലും അപ്പുറമായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ആ പോരാട്ടവീര്യവും തോറ്റ് കൊടുക്കാൻ ഇല്ലാത്ത മനോഭാവവും എല്ലാ കാലത്തും അവരുടെ ഏറ്റവും വലിയ വിജയ ഘടകങ്ങളിൽ ഒന്നായിരുന്നു. ഒന്നോ രണ്ടോ പേര് ചേർന്ന് തങ്ങളെ ആക്രമിക്കാൻ എത്തുമ്പോൾ കൂട്ടമായി എത്തി അവരെ തകർത്തെറിയുക എന്ന ഓസ്‌ട്രേലിയൻ തന്ത്രത്തിന് പലർക്കും ഒരു മറുതന്ത്രം ഇല്ലായിരുന്നു.
തങ്ങൾക്ക് എതിരെ ആര് എതിരാളിയായി വന്നാലും അവരെ കളത്തിലെ മികവ് കൊണ്ട് മാത്രമല്ല വാക്കുകൾ കൊണ്ടുള്ള പൊരുകൊണ്ടും തളർത്തുക എന്നത് ഓസ്‌ട്രേലിയൻ രീതി ആയിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ അവർക്കെതിരെ കളിക്കാൻ എത്തുമ്പോൾ പരമ്പരക്ക് മുമ്പുതന്നെ ഓസ്‌ട്രേലിയയുടെ മുൻ താരങ്ങൾ അടക്കം ഈ യുദ്ധത്തിന്റെ ഭാഗമായി വരും. അങ്ങനെ ക്രിക്കറ്റിൽ മൈൻഡ് ഗെയിമിന്റെ കൂടെ രാജാക്കന്മാരായ ഓസ്‌ട്രേലിയയുടെ ഈ രീതികൾ വിമർശനത്തിനും അതുപോലെ തന്നെ പുകഴ്ത്തലുകൾക്കും കാരണമായിട്ടുണ്ട്.
എന്തായാലും ക്രിക്കറ്റിലെ പ്രശസ്തമായ ചില വാക്കുകൾ കൊണ്ടുള്ള പോരാട്ടങ്ങൾ നമുക്ക് ഒന്ന് നോക്കാം:
1 അലൻ ബോർഡർ * ഇമ്രാൻ ഖാൻ
പാകിസ്ഥാൻ ക്യാപ്റ്റനായിരുന്ന ഇമ്രാൻ ഖാൻ സിഡ്‌നിയിൽ നടന്ന ഒരു കൂടിക്കാഴ്ചയിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡറെ ഒന്ന് കളിയാക്കാൻ ശ്രമിച്ചു. ഒരു ചാറ്റിനിടെ ഇമ്രാൻ അലൻ ബോർഡറോട് പറഞ്ഞു, “എബി, എനിക്ക് ഇന്ത്യയിൽ നിന്ന് സുനിൽ ഗവാസ്‌കറെയും ബി.എസ്. ചന്ദ്രശേഖറിനെയും തരൂ, ഞങ്ങൾ ഓസ്‌ട്രേലിയയെ തോൽപ്പിക്കും”. മറുപടിയിൽ അലൻ ബോർഡർ പറഞ്ഞു, “ഇമ്രാൻ, എനിക്ക് പാകിസ്ഥാനിൽ നിന്ന് രണ്ട് അമ്പയർമാരെ തരൂ, നമ്മൾ ലോകത്തെ മുഴുവൻ തോൽപ്പിക്കും.” ഇത് കേട്ടതോടെ ഇമ്രാൻ ഖാൻ നിശബ്ദനായി. പിന്നീട്, രോഷാകുലനായ ഇമ്രാൻ ഓസ്‌ട്രേലിയൻ ബോർഡിനോട് ഇത് സംബന്ധിച്ച് പരാതിപ്പെട്ടു. ബോർഡിന്റെ സമ്മർദ്ദത്തെത്തുടർന്ന് ബോർഡർ, ഇമ്രാനോടും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോടും ക്ഷമാപണം നടത്തി.
2. സ്റ്റീവ് വോ Vs പാർഥിവ് പട്ടേൽ
ഓസ്‌ട്രേലിയൻ ഇതിഹാസ ബാറ്റ്‌സ്മാൻ സ്റ്റീവ് വോ തന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരം സിഡ്‌നിയിൽ കളിക്കുകയായിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പരമ്പരയിലെ നാലാമത്തെ ടെസ്റ്റ് മത്സരമായിരുന്നു അത്. ടീമിനെ തോൽവിയിൽ നിന്ന് രക്ഷിക്കാൻ വോ മികച്ച പോരാട്ടം നടത്തുകയായിരുന്നു. ആ സമയത്ത് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് പുതുതായി കടന്നുവന്ന 19 കാരനായ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ, വിക്കറ്റുകൾക്ക് പിന്നിൽ നിന്ന് സ്റ്റീവ് വോയോട് പറഞ്ഞു, “സ്റ്റീവ്, വിരമിക്കുന്നതിന് മുമ്പ് നിങ്ങളുടെ ജനപ്രിയ സ്ലോഗ്-സ്വീപ്പുകളിൽ ഒന്ന് കൂടി കളിക്കുക “. സ്റ്റീവ് വോ തിരിഞ്ഞു നിന്ന് മറുപടി പറഞ്ഞു. “നോക്കൂ സുഹൃത്തേ, അൽപ്പം ബഹുമാനം കാണിക്കൂ.. പതിനെട്ട് വർഷം മുമ്പ് ഞാൻ അരങ്ങേറ്റം കുറിച്ചപ്പോൾ നീ ഡയപ്പറിൽ നിൽക്കുക ആയിരുന്നു.”
വോയെ പോലെ ഒരു ഇതിഹാസത്തെ കളിയാക്കിയതിന് പട്ടേലിന് ഇന്ത്യൻ താരങ്ങൾ തന്നെ ഡ്രസിങ് റൂമിൽ ശിക്ഷ നൽകുകയും ചെയ്തു.
3 . വീരേന്ദർ സെവാഗ് vs ഷോയിബ് അക്തർ
2004 മാർച്ചിൽ ഇന്ത്യയുടെ പാകിസ്ഥാൻ പര്യടനത്തിനിടെ, വീരേന്ദർ സെവാഗ് ആദ്യ ടെസ്റ്റിൽ റെക്കോർഡ് 309 റൺസ് നേടിയത് നിങ്ങൾ ഓർക്കുന്നില്ലേ. ഷോയിബ് അക്തറിന് വീരു അന്ന് കണക്കിന് കൊടുത്തിരുന്നു. തന്റെ ഏറ്റവും മികച്ച പന്തുകളെ വീരു നേരിടുന്ന രീതി കണ്ട അക്തർ അദ്ദേഹത്തോട്” നീ ഹുക്ക് ഷോട്ട് കളിക്കുക എന്ന് പറഞ്ഞു” ഇത് കേട്ട വീരു” നീ ബോളിങ് നടത്തുകയാണോ അതോ യാചിക്കുകയാണോ” എന്നാണ് മറുപടിയായി ചോദിച്ചത്. പാകിസ്ഥാൻ താരങ്ങൾ അടക്കം ചിരിച്ചതോടെ പിന്നെ അക്തർ ഒന്നും മിണ്ടിയില്ല.
4. ടോം ഗോഡാർഡ്
ഇംഗ്ലണ്ട് താരമായിരുന്ന ടോം ഗോഡാർഡ് ഒരു ആഭ്യന്തര മത്സരത്തിൽ ഒരിക്കൽ തുടർച്ചയായി 42 ഓവറുകൾ എറിഞ്ഞു. നന്നായി ക്ഷീണിച്ചിട്ടും തന്നെ പിൻവലിക്കാതെ പന്തെറിയിച്ച നായകനോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. ”എന്താണടോ എന്നെ പിൻവലിക്കാതെ( ശേഷം അദ്ദേഹം മോശം പദം കൂടി ഉപയോഗിച്ചു) ഗോഡാർഡ് കോപാകുലനായി. താരം മോശം പദം ഉപയോഗിച്ചതും ദേഷ്യപ്പെട്ടതുമൊക്കെ കണ്ടതോടെ അദ്ദേഹത്തിന്റെ സഹതാരങ്ങൾക്കും ഞെട്ടലായി. എന്താണ് എന്ന് വെച്ചാൽ ടീം നായകൻ ബേസിൽ അലൻ, മണിക്കൂറുകൾക്ക് മുമ്പ് കളം വിട്ടിരുന്നു. തന്റെ അഭാവത്തിൽ ടീമിനെ നയിക്കാൻ അലൻ ഒരു സഹപ്രവർത്തകനോട് ആവശ്യപ്പെട്ടിരുന്നു, സഹപ്രവർത്തകൻ ഗോഡാർഡ് തന്നെയായിരുന്നു!!
ചുരുക്കി പറഞ്ഞാൽ അദ്ദേഹം തെറി പറഞ്ഞത് അദ്ദേഹത്തെ തന്നെ ആയിരുന്നു.
Discussion about this post