എഡ്ജ്ബാസ്റ്റണിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ബാറ്റിംഗ് സമയത്ത് ശുഭ്മാൻ ഗിൽ ഹീറോ ആയപ്പോൾ ഇന്ത്യൻ ബോളിങ് സമയത്ത് മുഹമ്മദ് സിറാജ് ആണ് ടീമിന്റെ ഹീറോയായത്. ഇന്ത്യ ഉയർത്തിയ കൂട്ടാൻ സ്കോർ ഇംഗ്ലണ്ട് പിന്തുടരുമ്പോൾ സിറാജ് 70 റൺസ് വഴങ്ങി ആറ് നിർണായക വിക്കറ്റുകൾ വീഴ്ത്തി, മത്സരത്തിൽ ഇന്ത്യ ലീഡ് വഴങ്ങില്ല എന്ന് ഉറപ്പാക്കിയത് സിറാജിന്റെ ബോളിങ് ആണ്.
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ പേസ് ബൗളർ ജസ്പ്രീത് ബുംറ ഇല്ലാത്ത സാഹചര്യത്തിൽ സിറാജാണ് അറ്റാക്കിനെ നയിച്ചത്. ബുംറ ഇല്ലെങ്കിൽ ഇന്ത്യ തീരും എന്നും വിക്കറ്റുകൾ പോലും എടുക്കാൻ ആൾ ഇല്ലെന്നും പലരും പറഞ്ഞപ്പോൾ സിറാജ് അവർക്കുള്ള മറുപടി നൽകി. നല്ല ബാറ്റിംഗ് ട്രാക്കിൽ ഇംഗ്ലീഷ് ടീമിനെ 407 ൽ ഒതുക്കി, ഇന്ത്യയ്ക്ക് നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ സഹായിച്ചു.
ഹെഡിംഗ്ലിയിൽ ബുംറ ഭാഗമായ മത്സരത്തിൽ 41 ഓവറിൽ 173 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് മാത്രം ആണ് സിറാജിന് വീഴ്ത്താനായത്. എന്നിരുന്നാലും, രണ്ടാം മത്സരത്തിൽ ഇന്ത്യ ബുംറയ്ക്ക് വിശ്രമം നൽകിയപ്പോൾ, ആറ് വിക്കറ്റ് നേട്ടവുമായി ഹൈദരാബാദ് പേസർ ടീമിന്റെ നായകനായി ഉയർന്നുവന്നു.
ബുംറ ഉള്ളപ്പോഴും അദ്ദേഹം ഇല്ലാത്തപ്പോഴും രണ്ട് വ്യത്യസ്തമായ ശൈലിയിൽ ഉള്ള സിറാജിനെയാണ് കാണാൻ സാധിക്കുന്നത് എന്ന് കണക്കുകൾ പറയുന്നു. ബുംറ ഉള്ളപ്പോൾ 44 മത്സരങ്ങളിൽ നിന്ന് 69 വിക്കറ്റുകൾ വീഴ്ത്തിയ സിറാജിന്റെ ബോളിങ് ശരാശരി 33 .82 ആകുമ്പോൾ ബുംറ ഇല്ലാതെ 26 മത്സരങ്ങളിൽ നിന്ന് 39 വിക്കറ്റുകൾ വീഴ്ത്തിയ സിറാജിന്റെ ബോളിങ് ശരാശരി 25 . 20 ആണ്.
ഈ കളിക്കാർ ഒരുമിച്ച് കളിച്ച ടെസ്റ്റുകളിൽ, അവിശ്വസനീയമായ ശരാശരിയിലും സ്ട്രൈക്ക് റേറ്റിലും 111 വിക്കറ്റുകൾ നേടിയ ബുംറ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാകുമ്പോൾ അദ്ദേഹം ഇല്ലാത്ത മത്സരത്തിൽ താനും മോശം അല്ല എന്ന് സിറാജ് തെളിയിക്കുന്നു.
Discussion about this post