ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര 2-2 ന് സമനിലയിലായതിന് പിന്നാലെ ഇന്ത്യൻ ടീം സെലെക്ഷനുമായി ബന്ധപ്പെട്ട് ചില അഭിപ്രായങ്ങളുമായി മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹാഡിൻ രംഗത്ത്. ജസ്പ്രീത് ബുംറ ഇല്ലാതെ തന്നെ ടീമിന് ഇന്ത്യക്ക് പുറത്ത് ഏത് രാജ്യത്തിൽ വേണമെങ്കിലും ഇറങ്ങാം എന്നും അദ്ദേഹം ഇല്ലാത്തത് ഇന്ത്യൻ ജയങ്ങളെ ബാധിക്കില്ല എന്നും ഹാഡിൻ പറഞ്ഞിരിക്കുകയാണ്.
എഡ്ജ്ബാസ്റ്റണിലും ഓവലിലും ബുംറ ഇല്ലാതെയാണ് ഇന്ത്യ മത്സരങ്ങൾ ജയിച്ചത് എന്നതാണ് ഹാഡിൻ പ്രാധാനമായി ചൂണ്ടിക്കാണിച്ച കാര്യം. ഈ രണ്ട് മത്സരങ്ങളിലും ബുംറയ്ക്ക് വിശ്രമം നൽകിയിരുന്നു. താരം കളിക്കാത്ത ഈ രണ്ട് ടെസ്റ്റിലും സിറാജ് ഇന്ത്യൻ ജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. 9 ഇന്നിംഗ്‌സുകളിൽ നിന്ന് 23 വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് പരമ്പരയിൽ തിളങ്ങി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ബോളർ ആയി മാറുകയും ചെയ്തു. മറുവശത്ത്, മൂന്ന് ടെസ്റ്റ് കളിച്ച ബുംറ അവിടെ 14 വിക്കറ്റുകൾ നേടി.
“ബുംറ ഇല്ലാതെ ഇന്ത്യക്ക് കളിക്കാൻ കഴിയും. മറ്റ് ബൗളർമാർക്ക് അവിടെ തിളങ്ങാനാകും. ബുംറ ഇന്ത്യയ്ക്കായി ഈ പരമ്പരയിൽ ഒരു ടെസ്റ്റ് മത്സരം പോലും ജയിച്ചിട്ടില്ല. അയാൾ ഇല്ലാതെ ജയിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ട് ”ഹാഡിൻ പറഞ്ഞു.
സിറാജിന്റെ മികവിനെ പുകഴ്ത്തി പറഞ്ഞ ഹാഡിന്റെ വാക്കുകൾ ഇങ്ങനെ. “സിറാജിന് ആക്രമണത്തിന് നേതൃത്വം നൽകാൻ ഇഷ്ടമാണ്. വലിയ അവസരങ്ങളിൽ പന്ത് അദ്ദേഹം ആഗ്രഹിക്കുന്നു. സിറാജ് തെറ്റുകൾ വരുത്താറുണ്ട്, പക്ഷേ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ നിന്ന് അദ്ദേഹം ഒളിച്ചോടാറില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഓവലിൽ അഞ്ചാം ദിവസം മത്സരം എങ്ങോട്ട് വേണമെങ്കിലും തിരിയാം എന്ന സാഹചര്യത്തിൽ സിറാജിന്റെ മികവാണ് ഇന്ത്യക്ക് ജയം ഉറപ്പിച്ചത്.
“കളി ജയിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ബൗളിങ്ങിൽ നിന്ന് അദ്ദേഹത്തെ അകറ്റി നിർത്താൻ ഒരു വഴിയുമില്ലായിരുന്നു. അദ്ദേഹം ഒരു ക്യാച്ച് കൈവിട്ടു, അതൊരു വലിയ പിഴവായിരുന്നു. പക്ഷേ അത് അദ്ദേഹത്തെ നിർവചിക്കുന്നില്ല, ഇനി നമ്മൾ അതിനെക്കുറിച്ച് സംസാരിക്കില്ല,” ഹാഡിൻ പറഞ്ഞു.
Discussion about this post