2023 ഏഷ്യാ കപ്പിൽ രോഹിത് ശർമ്മയുടെ കരിയർ പുനരുജ്ജീവിപ്പിക്കാൻ സഹായിച്ചതിന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെ ടീം ഇന്ത്യ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ പ്രശംസിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ടൂർണമെന്റിലെ സൂപ്പർ ഫോർ മത്സരത്തിനിടെയാണ് ഗംഭീറിന്റെ പരാമർശം അന്ന് വന്നത്. രോഹിത് ഏകദിനത്തിൽ 10,000 റൺസ് തികച്ചപ്പോഴായിരുന്നു അത്.
2012 വരെ മധ്യനിരയിൽ ബാറ്റ് ചെയ്തപ്പോൾ താരത്തിന് ഏകദിന കരിയറിന് ശരാശരി തുടക്കം മാത്രമായിരുന്നു കിട്ടിയത്. എന്നിരുന്നാലും, 2013 മുതൽ അന്നത്തെ നായകൻ എംഎസ് ധോണി രോഹിത്തിന്റെ കഴിവ് മനസിലാക്കി ഓപ്പണർ എന്ന നിലയിലേക്ക് താരത്തെ ഉയർത്തി. ഇതോടെ രോഹിത്തിന്റെ കരിയർ തന്നെ മാറി.
ഇന്ത്യയുടെ ഓപ്പണറായി, ചരിത്രത്തിലെ ഏറ്റവും മികച്ച വൈറ്റ്-ബോൾ ബാറ്റ്സ്മാൻമാരിൽ ഒരാളായി രോഹിത് മാറി. ഏകദിനത്തിൽ 10,000 റൺസ് നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെക്കുറിച്ച് സംസാരിക്കുമ്പോൾ ഗംഭീർ പറഞ്ഞു: “10,000 റൺസ് നേടുന്നത് അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല. നിരവധി ഉയർച്ച താഴ്ചകൾ കണ്ടു. ആ ഘട്ടം കണ്ടതിനാൽ, ഒരു ക്യാപ്റ്റനെന്ന നിലയിൽ, ബുദ്ധിമുട്ടുള്ള കാലഘട്ടത്തിലൂടെ കടന്നുപോകുന്ന യുവാക്കളെ രോഹിത് പിന്തുണയ്ക്കും. എംഎസ് ധോണി കാരണം രോഹിത് ശർമ്മ ഇന്ന് കാണുന്ന രോഹിത് ശർമ്മയായായി എന്ന് പറയാം. എംഎസ് രോഹിത്തിനെ തുടർച്ചയായി പിന്തുണച്ചു.”
ഏകദിനങ്ങളിലെ റൺ സ്കോറിംഗ് പട്ടികയിൽ നിലവിൽ 273 മത്സരങ്ങളിൽ നിന്ന് 11,168 റൺസുമായി രോഹിത് ഏറ്റവും കൂടുതൽ റൺ നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ നാലാം സ്ഥാനത്താണ്.
Discussion about this post