സഞ്ജു സാംസണെ സംബന്ധിച്ച് ഈ ഏഷ്യാ കപ്പ് ഒരു പരീക്ഷണമാണ് എന്ന് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ. ഗില്ലിന്റെ കടന്നുവരവോടെ ഓപ്പണിങ് സ്ഥാനത്ത് ഇനി അവസരം കിട്ടില്ല എന്ന് ഉറപ്പായ താരത്തിന് ഇറങ്ങേണ്ട സ്ഥാനം അഞ്ചാം നമ്പർ ആയിരുന്നു. അവിടെയോ താരത്തിന്റെ റെക്കോഡ് മോശമാണ് താനും. എന്നാൽ അന്നും ഇന്നും ഒന്നിനും പരാതിപ്പെടാതെ ഇന്ത്യൻ ടീമിൽ തുടരുന്ന സഞ്ജു ആ അഞ്ചാം നമ്പറിനോടും പൊരുത്തപ്പെട്ടതിന്റെ ലക്ഷണങ്ങൾ കാണിച്ചിരിക്കുന്നു.
ശ്രീലങ്കക്ക് എതിരായ ഇന്ത്യയുടെ സൂപ്പർ 4 ലെ അവസാന മത്സരത്തിലാണ് അഞ്ചാം നമ്പറിൽ ഇറങ്ങിയ സഞ്ജു 23 പന്തിൽ 3 സിക്സിന്റെയും ഒരു ബൗണ്ടറിയുടെയും സഹായത്തോടെ നേടിയത് 39 റൺസ്. ഈ ഏഷ്യാ കപ്പിൽ ആദ്യമായി ബാറ്റ് ചെയ്യാൻ അവസരം കിട്ടിയപ്പോൾ മൂന്നാം നമ്പറിൽ ഇറങ്ങി അർദ്ധ സെഞ്ച്വറി നേടിയ സഞ്ജു പാകിസ്ഥാനെതിരെ നടന്ന സൂപ്പർ 4 പോരിൽ അഞ്ചാം നമ്പറിൽ നേടിയത് 13 റൺ ആയിരുന്നു. ബംഗ്ലാദേശിനെതിരെ ബാറ്റിംഗിന് പോലും അവസരം കിട്ടാതിരുന്ന സഞ്ജു എന്തായാലും ഇന്ന് ഇന്ത്യക്ക് ഏറ്റവും ആവശ്യം ഉള്ളപ്പോൾ തിലക് വർമ്മക്ക് ഒപ്പം മനോഹര കൂട്ടുകെട്ടിന്റെ ഭാഗമായി.
കളത്തിൽ ഇറങ്ങിയ ഉടൻ തന്നെ തനത് ശൈലിയിൽ കളിച്ചു തുടങ്ങിയ സഞ്ജു ഫോമിലാണെന്ന് കാണിച്ചു. ശ്രീലങ്കയുടെ പ്രധാന സ്പിന്നറും സഞ്ജുവിനെ മുമ്പും ബുദ്ധിമുട്ടിച്ച ചരിത്രമുള്ള ഹസരങ്കക്ക് എതിരെ 2 സിക്സ് നേടിയ സഞ്ജു കളിച്ച ഷോട്ടുകൾ ഒകെ മനോഹരമായിരുന്നു. ഒടുവിൽ ഷാനകയുടെ പന്തിൽ വലിയ ഷോട്ട് കളിക്കാൻ ശ്രമിച്ച് അസലങ്കക്ക് ക്യാച്ച് നൽകി സഞ്ജു മടങ്ങുമ്പോൾ താൻ അഞ്ചാം നമ്പറിലും കളിക്കാൻ മിടുക്കൻ ആണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു.
എന്തായാലും ബംഗ്ലാദേശിനെതിരെ സ്പിൻ കളിക്കാൻ ആണ് മൂന്നാം നമ്പറിൽ ശിവം ദുബൈയെ ഇറക്കിയത് എന്ന് പറഞ്ഞ സൂര്യകുമാറിനെ സാക്ഷിയാക്കി സഞ്ജു പറയാതെ പറയുന്നു” ഇവിടെ പേസും പോകും സ്പിനും പോകും”
Discussion about this post