1990-ൽ പത്മരാജൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഇന്നലെ. വാസന്തിയുടെ ജനനം എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഒരു ഗ്രാമത്തിലൂടെ സഞ്ചരിച്ചിരുന്ന ഒരു തീർത്ഥാടകസംഘത്തിന്റെ ബസ് അപകടത്തിൽപ്പെടുന്നതും അതിൽ നിന്ന് ശോഭന അവതരിപ്പിക്കുന്ന മായ എന്ന കഥാപാത്രം രക്ഷപ്പെടുന്നു. ശേഷം മായ എത്തുന്നത് സന്ധ്യ മേനോൻ ( ശ്രീവിദ്യ ) ശരത് മേനോൻ( ജയറാം) തുടങ്ങിയവരുടെ അടുത്താണ്. തുടർന്ന് ശരതും മായയും പ്രണയത്തിൽ ആകുമ്പോൾ ,മായയുടെ അഥവാ പൂർവകാലത്തെ ഗൗരിയുടെ ഭർത്താവായ നരേന്ദ്രൻ (സുരേഷ് ഗോപി) അമേരിക്കയിൽ നിന്ന് ഗൗരിയെ അന്വേഷിച്ച് എത്തുന്നതും പിന്നെ ഇവരുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്നുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്.
ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ജയറാം ആയിരുന്നെങ്കിലും പ്രേക്ഷകരുടെ കണ്ണുനനയിച്ചത് സുരേഷ് ഗോപിയുടെ കഥാപാത്രം ആയിരുന്നു. തന്റെ ഭാര്യ മറ്റൊരുവന്റെ പെണ്ണായി മാറാൻ പോകുമ്പോൾ അത് മുന്നിൽ കാണുന്ന അവസ്ഥയും അവളുടെ ഇപ്പോഴത്തെ മാറ്റമോർത്തുള്ള സങ്കടവുമൊക്കെ അത്ര മനോഹരമായിട്ടാണ് സുരേഷ് ഗോപി മുഖഭാവത്തിലൂടെ പ്രേക്ഷകന് കാണിച്ചു തന്നത്. ഈ സിനിമയിലെ സുരേഷ് ഗോപിയുടെ അഭിനയത്തെക്കുറിച്ചും പദ്മരാജൻ തന്നോട് പറഞ്ഞത് എന്തെന്നും ജയറാം ഒരു അഭിമുഖത്തിൽ പറഞ്ഞു.
വാക്കുകൾ ഇങ്ങനെ:
” ആ സിനിമ ഇറങ്ങുന്ന സമയത്ത് ഞാൻ നല്ല ടെൻഷനിൽ ആയിരുന്നു. എന്റെ മുഖം കണ്ട സമയത്ത് പപ്പേട്ടൻ ചോദിച്ചു ‘ നിനക്ക് പേടിയുണ്ടല്ലേ’? ഞാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ‘ പേടിക്കേണ്ട, സിനിമയുടെ അവസാനം നായിക നിന്റെ കൂടെ വരണം എന്ന് പ്രേക്ഷകർ ആഗ്രഹിച്ചാൽ പടം വിജയിക്കും, പകരം സുരേഷ് ഗോപിയുടെകൂടെ പോകണം എന്ന് ആണെങ്കിൽ കുഴയും’ എന്തായാലും പപ്പേട്ടൻപറഞ്ഞത് പോലെ തന്നെ പടം ആളുകൾ ഏറ്റെടുത്തു. പക്ഷെ ആ സിനിമയിലെ സുരേഷ് ഗോപിയുടെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആ സമയത്തെ നിസഹായത അയാൾ അത്ര നന്നായി കാണിച്ചു. ഞാൻ ആ സീൻ കഴിഞ്ഞയുടൻ അയാളെ കെട്ടിപിടിച്ചു” ജയറാം പറഞ്ഞു.
എന്തായാലും മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ പദ്മരാജന്റെ ഏറ്റവും മികച്ച വർക്കുകളിൽ ഒന്ന് തന്നെയായിരുന്നു ഇന്നലെ എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം.
Discussion about this post