റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള കരാർ പുതുക്കാൻ വിരാട് കോഹ്‌ലി വിസമ്മതിച്ച വാർത്ത അടുത്തിടെ വലിയ ചർച്ചയായിരുന്നു. താരം വിരമിക്കൽ പ്രഖ്യാപിക്കും എന്ന് ഒരു വിഭാഗം ആളുകൾ പറഞ്ഞപ്പോൾ ചിലർ അദ്ദേഹം ടീം വിടുമെന്നും മിനി ലേലത്തിൽ ഭാഗമാകും എന്നും പറഞ്ഞു. എന്നാൽ ഇതൊക്കെ ബിസിനസ് മാത്രം ആണെന്നും അദ്ദേഹം ഐപിഎൽ ഉപേക്ഷിക്കുകയോ മറ്റൊരു ഫ്രാഞ്ചൈസിയിൽ ചേരുകയോ ചെയ്യില്ല എന്നും പറയുകയാണ് ആകാശ് ചോപ്ര.
2026 ഐപിഎല്ലിന് മുമ്പ് കോഹ്‌ലി ബെംഗളൂരുവുമായുള്ള കരാർ പുതുക്കിയിട്ടില്ലെന്ന് അവകാശപ്പെട്ട റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കോഹ്‌ലിയുടെ കരിയറുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചത്. താരം വിരമിക്കും എന്നൊക്കെ ഉള്ള റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ആർസിബി ആരാധകർ വളരെ അസ്വസ്ഥരായി മാറിയ സാഹചര്യത്തിലാണ് ആകാശ് ചോപ്ര ഈ വിഷയത്തിൽ പ്രതികരിച്ചത്.
“അദ്ദേഹം ഒരു വാണിജ്യ കരാർ നിരസിച്ചതായി റിപ്പോർട്ടുണ്ട്, പക്ഷേ അതിന്റെ അർത്ഥമെന്താണ്? അദ്ദേഹം തീർച്ചയായും ആർസിബിക്ക് വേണ്ടി കളിക്കും. കളിക്കുകയാണെങ്കിൽ, തീർച്ചയായും അദ്ദേഹം അതേ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കും,” ചോപ്ര പറഞ്ഞു. “അദ്ദേഹം (കോഹ്‌ലി) ട്രോഫി നേടിയിരിക്കുന്നു. പിന്നെ എന്തിനാണ് ഫ്രാഞ്ചൈസി വിടുന്നത്? അദ്ദേഹം എവിടേക്കും പോകുന്നില്ല. കരാർ നിരസിച്ചു എന്നൊക്കെ ഓരോരുത്തർ ഊഹാപോഹം വെച്ച് പറയുന്നതാണ്” ചോപ്ര പറഞ്ഞു.
ആർസിബിയുടെ ചരിത്രപരമായ ഐപിഎൽ 2025 വിജയത്തിൽ, കോഹ്‌ലി നിർണായക പങ്ക് വഹിച്ചു. 15 മത്സരങ്ങളിൽ നിന്ന് 54.75 എന്ന മികച്ച ശരാശരിയിലും 144.71 എന്ന സ്ട്രൈക്ക് റേറ്റിലും 657 റൺസ് അദ്ദേഹം നേട., എട്ട് അർദ്ധസെഞ്ച്വറികളും ഈ യാത്രയിൽ ഉണ്ടായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച റൺ സ്കോററാണ് കോഹ്‌ലി. ആർസിബിക്കായി 267 മത്സരങ്ങളിൽ നിന്ന്, എട്ട് സെഞ്ച്വറികളും 63 അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 39.54 ശരാശരിയിലും 132.85 സ്ട്രൈക്ക് റേറ്റിലും 8,661 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.
Discussion about this post