യുവ പേസ് ബൗളർ തുഷാർ ദേശ്പാണ്ഡെ ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ കരിയർ ആരംഭിച്ചത് ചെന്നൈ സൂപ്പർ കിങ്‌സിലൂടെയായിരുന്നു. ഇതിഹാസ ക്യാപ്റ്റൻ എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയിൽ തന്റെ കഴിവ് പ്രകടിപ്പിക്കാൻ തുഷാറിന് സാധിച്ചു. ശേഷം 2025 ലെ ഐപിഎല്ലിന് മുന്നോടിയായി, ദേശ്പാണ്ഡെയെ സിഎസ്‌കെ ഒഴിവാക്കുകയും രാജസ്ഥാൻ റോയൽസ് അദ്ദേഹത്തിന്റെ സേവനം ഏറ്റെടുക്കുകയും ചെയ്തു.
അടുത്തിടെ വെറ്ററൻ ബാറ്റ്‌സ്മാൻ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം ഒരു അഭിമുഖത്തിൽ താരം ഭാഗമായിയെത്തിയിരുന്നു. സിഎസ്‌കെ ഡ്രസ്സിംഗ് റൂമിൽ നടന്ന ഏതെങ്കിലും സംഭവങ്ങളിൽ നിന്നുള്ള തന്റെ രസകരമായ ഓർമ്മകൾ പങ്കുവെക്കാൻ രഹാനെ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ലീഗ് സ്റ്റേജ് മത്സരത്തിനിടെ ചെപ്പോക്ക് സ്റ്റേഡിയത്തിലെ മുഴുവൻ ആരാധകരെ ധോണി പറ്റിച്ച സംഭവമാണ് തന്റെ ഇഷ്ടപെട്ട ഓർമ്മ എന്ന് തുഷാർ പറഞ്ഞു.
“സിഎസ്‌കെയിൽ ആയിരുന്നപ്പോൾ ചെപ്പോക്കിൽ കെകെആറിനെതിരെ നടന്ന ഒരു മത്സരം ഞാനോർക്കുന്നു. ഒരു വിക്കറ്റ് വീണതിന് പിന്നാലെ എംഎസ് ധോണി ബാറ്റ് ചെയ്യാൻ വരുമെന്ന് അവിടെയുള്ള കാണികൾ പ്രതീക്ഷിച്ചിരുന്നു. ആ സമയത്ത് ഞാൻ ഡഗൗട്ടിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് രവീന്ദ്ര ജഡേജയോട് ബാറ്റിംഗിന് പോകാൻ പോകുന്നതായി അഭിനയിക്കണമെന്ന് പറയാൻ മഹി ഭായ് എന്നോട് ആവശ്യപ്പെട്ടു,” രഹാനെയുടെ ചേസിംഗ് ദി ഡ്രീംസ് എന്ന ഷോയിൽ ദേശ്പാണ്ഡെ പറഞ്ഞു.
“ഞാൻ ജദ്ദു ഭായിയുടെ അടുത്തേക്ക് പോയി അതേ കാര്യം പറഞ്ഞു, നിങ്ങൾ ആദ്യം ഇറങ്ങി കാണികളെ പറ്റിക്കുക പിന്നെ മഹി ഭായ് പിന്നിൽ നിന്ന് വരും എന്നൊക്കെ. ഞാൻ മുഴുവൻ രംഗവും കണ്ടു. ജഡേജ പുറത്തിറങ്ങിയപ്പോൾ, ആൾക്കൂട്ടം നിശബ്ദരായി. പെട്ടെന്ന് മഹി ഭായ് പിന്നിൽ നിന്ന് വന്നപ്പോൾ സ്റ്റേഡിയം ആവേശത്തിലാറാടി. അത് ഒരുതരം രസകരവും ഒരുതരം രോമാഞ്ചം നൽകിയതുമായ നിമിഷമായിരുന്നു,” അദ്ദേഹം പറഞ്ഞു.
അതേസമയം അടുത്ത വർഷം ധോണിയുടെ ടീമിലെ റോൾ എന്താകും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.













Discussion about this post