ആലപ്പുഴ: വിഭാഗീയത രൂക്ഷമായ കുട്ടനാട് സിപിഎമ്മിൽ നേതാക്കൾ തമ്മിൽ ചേരി തിരിഞ്ഞ് കൂട്ടത്തല്ല്. സംഭവത്തിൽ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കൾക്ക് പരിക്കേറ്റു. സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
രാമങ്കരി ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി രഞ്ജിത്ത്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ശരവണൻ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയോടെയായിരുന്നു ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഔദ്യോഗിക- വിമത പക്ഷങ്ങൾ തമ്മിൽ പ്രശ്‌നങ്ങൾ രൂക്ഷമാണ്. ഇതാണ് ഇന്നലെ സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ ഇരുവരും ഔദ്യോഗിക പക്ഷത്തിലെ അംഗങ്ങളാണ്.
ഇന്നലെ മങ്കൊമ്പ് പാർട്ടി സെക്രട്ടറി അരുൺ കുമാറിന്റെ വിവാഹം ആയിരുന്നു. ഈ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. രാമങ്കരി പഞ്ചായത്ത് ഓഫീസിന് മുൻപിൽവച്ച് പട്ടിക കഷ്ണങ്ങളും കല്ലുകളും ആയി എത്തിയ സംഘം ഇവരെ മർദ്ദിക്കുകയായിരുന്നു. സിപിഎം നേതാക്കളുടെ 12 അംഗ സംഘമായിരുന്നു ആക്രമിച്ചത് എന്നാണ് പരിക്കേറ്റവര് നൽകിയ മൊഴി.
ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ ഏഴ് പേർക്കെതിരെയാണ് കേസ്. കസ്റ്റഡിയിൽ ആയ പ്രവർത്തകരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രഞ്ജിത്തിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അഞ്ച് സ്റ്റിച്ചിട്ടിട്ടുണ്ട്. ശരവണന് കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിട്ടുള്ളത്. വിമത പക്ഷത്തിലെ പ്രവർത്തകർ ക്വട്ടേഷൻ നൽകിയതാണെന്ന് പരിക്കേറ്റവർ പറഞ്ഞു. രാവിലെ മുതൽ അക്രമി സംഘം തങ്ങളെ അന്വേഷിച്ചിരുന്നുവെന്നും ഇവർ വ്യക്തമാക്കി.
കുട്ടനാട് ഏരിയാ കമ്മിറ്റിയ്ക്ക് കീഴിലെ ആറ് ലോക്കൽ കമ്മിറ്റിയിൽ നിന്നും വിഭാഗീയതയെ തുടർന്ന് നൂറിലധികം പ്രവർത്തകരാണ് രാജിവച്ചത്. രാമങ്കരി ലോക്കൽ കമ്മിറ്റിയിൽ നിന്നായിരുന്നു രാജിയുടെ തുടക്കം.
Discussion about this post