ഇക്കഴിഞ്ഞ ദിവസമാണ് ഒരു സുഹൃത്ത് ഇക്കഴിഞ്ഞ വര്ഷം എല്ലാവരോടും ഒപ്പം ഞാനും കൊണ്ടാടിയ മൂന്ന് സിനിമകൾ മൊത്തം വിദേശ സിനിമകൾ ഈച്ച കോപ്പിയടിച്ച് വെട്ടിക്കൂട്ടിയ രംഗങ്ങൾ കൊണ്ട് സമൃദ്ധമാണ് എന്ന് പറഞ്ഞത്.
ഭീഷ്മ പർവ്വത്തിന്റെ പേര് പറഞ്ഞപ്പോൾ അത് വെറും ഗോഡ്ഫാദർ ഇൻസ്പിരേഷൻ ആണെന്ന് പറഞ്ഞ എന്നോട്, പ്രമേയം ഒക്കെ അങ്ങിനെയായിരിക്കും, പക്ഷെ സീനുകൾ പലതും ‘ദി ന്യൂ വേൾഡ്’ എന്ന കൊറിയൻ ചിത്രത്തിൽ നിന്നും ഒരു നാണവും കൂടാതെ അതേപടി ചുരണ്ടി എടുത്തിട്ടുള്ളതാണ് എന്നാണ് കാണിച്ചത്. ഇൻസ്പിരേഷനോ ഹോമേജോ കോപ്പൊ ഒന്നുമല്ല. നല്ല ഒന്നാംതരം ഈച്ച കോപ്പി –
ഇനി ജയജയജയഹേ. ഇത്തവണ ചുരണ്ടി എടുത്തിരിക്കുന്നത് കൊറിയൻ അല്ല ഫ്രഞ്ച് ആണ്. കുങ് ഫു സൊറാ എന്ന ഫ്രഞ്ച് സിനിമയാണ് വിപിൻ ദാസ് അടിച്ചു മാറ്റിയിരിക്കുന്നത്. 2021ൽ റിലീസ് ചെയ്ത ചിത്രം ചൂടാറും മുമ്പ് തന്നെ മലയാളത്തിലെത്തിച്ച ഗതിവേഗം ശ്ലാഘനീയമാണ്. സംഭവം യുട്യൂബിൽ സബ് ടൈറ്റിൽ സഹിതം പ്രിന്റ് കിടക്കുന്നുണ്ട്.
നന്ദി ആരോടുമില്ലെന്ന് എഴുതി വെച്ച് കയ്യടി വാങ്ങിച്ചതാണ് മുകുന്ദനുണ്ണിയുടെ സംവിധായകൻ അഭിനവ് സുന്ദർ നായക്ക്. എന്നാൽ മറ്റാരോട് നന്ദി പറഞ്ഞില്ലെങ്കിലും ഒരാളോട് തീർച്ചയായും നന്ദി പറയണം. ഡാനിയേൽ ഗിൽറോയോട് .. അതെ 2014ൽ ഇറങ്ങിയ ഹോളിവുഡ് ചിത്രമായ നൈറ്റ് ക്രോളറിന്റെ എഴുത്തുകാരനും സംവിധായകനുമായ ഡാൻ ഗിൽറോയിയോട്. നൈറ്റ് ക്രോളർ കണ്ടതാണ്, മുകുന്ദനുണ്ണിയുടെ റിവ്യൂ ഇട്ടപ്പോൾ അതായിരിക്കും ഇൻസ്പിറേഷൻ എന്ന് പരാമർശിച്ചതുമാണ്. എന്നാൽ അപ്പോഴൊന്നും സീനുകൾ ഒക്കെ ഇങ്ങനെ കോപ്പി പേസ്റ്റ് ആയിരിക്കും എന്ന് തലയിൽ ഓടിയില്ല. പിന്നെ ഇന്നലെ ഒന്നുകൂടി കണ്ടു. അമ്പോ ഒരു ഉളുപ്പും കൂടാതെ പച്ചക്ക് അടിച്ചു മാറ്റിയിരിക്കുകയാണ്. പല സീനുകളും. ഇതൊന്നും ഒന്നോ രണ്ടോ സീനുകളിൽ ഒതുങ്ങുന്നതല്ല. ഫ്രെയിം കമ്പോസിഷൻ പോലും അങ്ങിനെ പകർത്തി വെച്ചിരിക്കുകയാണ്.
സുഷിൻ ശ്യാമെന്ന പുതുതലമുറയുടെ ആവേശത്തിന്റെ ട്യൂണുകൾ പാട്ടുകൾ ആയാലും ബാക്ക്ഗ്രൗണ്ട് സ്‌കോർ ആയാലും ഒന്നൊന്നായി അടിച്ചു മാറ്റിയതാണെന്ന് കേൾപ്പിച്ച് തന്നത് മറ്റൊരു സുഹൃത്താണ്.
Unpopular opinion – Sushin Shyam is a plagiarist and doesn’t deserve the hype he’s getting nowadays
byu/thinkingcoward inKerala
ഇതാണ് മലയാള സിനിമയുടെ അവസ്ഥ. ഇവരെയാണ് നമ്മൾ വലിയ സംഭവങ്ങളായി വാഴ്ത്തുന്നത്. ഇതൊന്നും വെറും ഒറ്റപ്പെട്ട മോഷണങ്ങൾ ആയി കരുതരുത്. ഇവരൊക്കെ തീവെട്ടി കൊള്ളക്കാരേക്കാൾ മോശമാണ്. പലരും തങ്ങളുടെ കരിയറുകൾ തന്നെ ഉണ്ടാക്കിയിട്ടുള്ളത് ഇത്തരത്തിലുള്ള നെറികെട്ട രീതിയിലാണ്. ഇയ്യടുത്ത ദിവസം ലിജോ നൻപകൽ നേരത്തെ മയക്കം എന്ന സിനിമയ്ക്ക് വേണ്ടി വിശ്വനാഥൻ-രാമസ്വാമി, ഇളയരാജ, കെവി മഹാദേവൻ എന്നിവരുടെ പഴയ തമിഴ് പാട്ടുകൾ ലക്ഷക്കണക്കിന് രൂപ കോപ്പിറൈറ്റ് കൊടുത്ത് വാങ്ങി ഉപയോഗിച്ചു എന്ന് കേട്ടു. നല്ലകാര്യം. പലപ്പോഴും തങ്ങളുടെ അദ്ധ്വാനത്തിന് പ്രതിഫലം ചോദിക്കുന്നവരോട് പുച്ഛമാണ് മലയാളികൾക്ക്. കോപ്പിറൈറ്റ് അവകാശം ഉന്നയിക്കുന്നവരോടൊക്കെ എന്തോ വലിയൊരു തെറ്റാണ് അവർ ചെയ്യുന്നത് എന്നുള്ള മട്ടിലാണ് നമ്മൾ പ്രതികരിക്കുന്നത്. അടിച്ചുമാറ്റി അതിന് യാതൊരു ക്രെഡിറ്റും വെയ്ക്കാതെ ഉപയോഗിക്കുന്നതിൽ ഒരു തെറ്റും കാണാൻ കഴിയില്ല എന്നുള്ളതാണ് പൊതുവെയുള്ള നിലപാട്.
ഒരു പാട് സിനിമകൾ കണ്ടു മറക്കുമ്പോൾ വെറും സാമ്യമാണെന്ന് കരുതി നമ്മൾ അത് വിട്ടുകളയും. പക്ഷെ ഇതൊന്നും അതല്ല. നല്ല പകൽവെട്ടത്തിലുള്ള മോഷണമാണ്. കോപ്പിയടി എന്നാൽ നമ്മൾ എല്ലാവരും പ്രിയദർശന്റെ നെഞ്ചത്തോട്ടാണ്. പാട്ടുകളുടെ കാര്യം പറഞ്ഞാൽ ഗോപിസുന്ദറിന്റെയും. എന്നാൽ അവരെക്കാൾ വലിയ കള്ളന്മാരാണ് പുതു തലമുറയുടെ ആവേശമായി നമ്മൾ നെഞ്ചിലേറ്റുന്ന ഓരോ ‘താരങ്ങളും’ എന്നത് മനസ്സിൽ വെയ്ക്കുക. ഇതൊന്നും ഈ മൂന്ന് സിനിമകളിൽ ഒതുങ്ങുന്നതല്ല എന്നതാണ് വാസ്തവം. ലോകത്തിറങ്ങുന്ന എല്ലാ സിനിമകളും നമുക്കൊന്നും കാണാൻ കഴിയില്ലല്ലോ .. എല്ലാ പാട്ടുകളും കേൾക്കാനും. അതുകൊണ്ട് ഇവർ നമ്മുടെ മുന്നിൽ എത്തിക്കുന്ന കളവ് മുതലുകൾ നമ്മൾ തനി തങ്കമാണെന്ന് വിശ്വസിച്ച് കയ്യടിച്ചു പ്രോത്സാഹിപ്പിക്കും.. എന്നാൽ പലതും പിന്നീട് പരിതപിക്കും.
ഇനിയിപ്പോ നമ്മുടെ താല്പര്യങ്ങൾക്കും അജണ്ടകൾക്കും രാഷ്ട്രീയത്തിനുമൊക്കെ കൂടെ നിൽക്കുന്ന പക്ഷമാണെങ്കിൽ എന്ത് തെറ്റുണ്ടെന്ന് അറിഞ്ഞാലും കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് വിടും. ഇതിന്റെയൊക്കെ ക്രെഡിറ്റിലും പേര് വെച്ച് നാടായ നാടൊക്കെ അതിന്റെ പിതൃത്വം അപ്പ്രോപ്രിയേറ്റ് ചെയ്തെടുത്ത് ഇന്റർവ്യൂവും കൊടുത്ത്, അതിന് കിട്ടുന്ന പുരസ്കാരങ്ങളും കൈനീട്ടി വാങ്ങി, ഒരു നാണവും കൂടാതെ ഇവനൊക്കെ എങ്ങിനെ സമാധാനത്തോടെ കിടന്നുറങ്ങാൻ ഉള്ള മനസാക്ഷി കിട്ടുന്നു എന്നത് മാത്രമാണ് ഇപ്പോൾ മനസ്സിൽ വരുന്ന ചോദ്യം. എന്താചെയ്ക .. മലയാളി അപ്പോഴും പൊളിയാണ്..
അപ്‌റൈറ്റ് ഇന്റർനാഷണൽ സിനിമ – എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റ്
Discussion about this post