കോഴിക്കോട്: എലത്തൂരിൽ ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തീവണ്ടിയിൽ തീകൊളുത്തിയ സംഭവത്തിൽ പിടിയിലായ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി. സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് യുഎപിഎ ചുമത്തിയതായി പോലീസ് വ്യക്തമാക്കുന്നത്. എൻഐഎ ഉൾപ്പെടെയുളള ഏജൻസികൾക്ക് ഇനി അന്വേഷണം ഏറ്റെടുക്കാം. സംഭവത്തിൽ പ്രതിയെ പിടിച്ചിട്ട് ദിവസങ്ങളായെങ്കിലും കേരള പോലീസിന് അന്വേഷണത്തിൽ വേണ്ട രീതിയിൽ മുന്നോട്ടു പോകാൻ കഴിഞ്ഞിരുന്നില്ല.
രണ്ടാം തീയതി രാത്രി ഒൻപത് മണിയോടെയാണ് കോഴിക്കോട് എലത്തൂരിന് സമീപം ട്രെയിനിന്റെ ഡി വൺ ബോഗിയിൽ തീവെപ്പ് ഉണ്ടായത്. കൈയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഒൻപത് പേർക്ക് പൊളളലേറ്റിരുന്നു. തീ പിടിച്ച പരിഭ്രാന്തിയിൽ ട്രാക്കിലേക്ക് ഇറങ്ങിയ ഒരു കുഞ്ഞ് അടക്കം മൂന്ന് പേരെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
ദിവസങ്ങൾക്ക് ശേഷം മഹാരാ്ഷ്ട്രയിലെ രത്‌നഗിരിയിൽ നിന്നാണ് പ്രതി ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എടിഎസ് പിടികൂടുന്നത്. ഇതിന് ശേഷം ഇയാളെ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. അന്വേഷണത്തെക്കുറിച്ച് കാര്യമായ വിവരങ്ങൾ വെളിപ്പെടുത്താനും പോലീസ് ഇതുവരെ തയ്യാറായില്ല. എന്തുകൊണ്ടാണ് യുഎപിഎ ചുമത്താൻ വൈകുന്നതെന്ന് നേരത്തെ മുതൽ മാദ്ധ്യമങ്ങൾ ആരാഞ്ഞിരുന്നു.
ഡൽഹി ഷഹീൻബാഗ് സ്വദേശിയാണ് ഷാറൂഖ് സെയ്ഫി. ഇവിടെ നിന്ന് ഇയാൾ ഭീകരവാദ ആശയങ്ങളിൽ ആകൃഷ്ടനായെന്ന് പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Discussion about this post