നാഗ്പൂർ: ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ബൗളിംഗിനിടെ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തിൽ വിശദീകരണം നൽകി ഇന്ത്യൻ ടീം. ജഡേജ കൈവിരലിൽ പുരട്ടിയത് വേദന ശമിക്കാനുളള ക്രീം ആണെന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ഇന്ത്യൻ ടീം അറിയിച്ചു. ടെസ്റ്റിന്റെ ആദ്യദിനത്തിന് ശേഷം പ്രചരിച്ച വീഡിയോ ക്ലിപ്പിന്റെ ചുവടുപിടിച്ചായിരുന്നു ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്.
മുഹമ്മദ് സിറാജിന്റെ കൈത്തണ്ടയിൽ നിന്ന് എന്തോ എടുത്ത ശേഷം ഇടംകൈയ്യിലെ കൈവിരലിൽ ജഡേജ തേച്ചു പിടിപ്പിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലുൾപ്പെടെ ചർച്ചയായത്. ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴുളള ദൃശ്യങ്ങളാണിത്. മികച്ച ഫോമിൽ തിളങ്ങിയ ജഡേജ അതിനോടകം തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
വീഡിയോ ദൃശ്യങ്ങൾ ട്വിറ്റർ അടക്കമുളള സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായതിനെ തുടർന്നാണ് അന്നത്തെ കളി അവസാനിച്ച ശേഷം ജഡേജയും ക്യാപ്റ്റൻ രോഹിത് ശർമ്മയും ടീം മാനേജർക്കൊപ്പം മാച്ച് റഫറിയെ നേരിട്ട് കണ്ട് സംഭവം വിശദീകരിച്ചത്.
സംഭവത്തിൽ ഓസ്‌ട്രേലിയ പരാതി നൽകിയില്ലെങ്കിലും മാച്ച് റഫറിക്ക് സംശയമുണ്ടെങ്കിൽ സ്വമേധയാ പരിശോധിക്കാൻ അനുവാദമുണ്ട്. ക്രിക്കറ്റിൽ കളിക്കിടെ പന്തിന്റെ അവസ്ഥയെ ബാധിക്കാത്ത വസ്തുക്കൾ കൈകൡ പുരട്ടാമെങ്കിലും ഇതിന് ബൗളർ അമ്പെയറുടെ അനുമതി വാങ്ങണം.
പരിക്ക് മൂലം അഞ്ച് മാസങ്ങളായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന ജഡേജ ഈ മത്സരത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയതും. നാഗ്പൂരിലെ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിൽ 47 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ ജഡേജ വീഴ്ത്തിയിരുന്നു.
Discussion about this post