കോട്ടയം: ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി രജീഷ് ആണ് മരിച്ചത്.
ജനുവരി രണ്ടിന് മാളികപ്പുറത്തിന് സമീപം കതിന നിറയ്ക്കുന്ന ഷെഡ്ഡിലായിരുന്നു അപകടം. ഇവിടുത്തെ തൊഴിലാളികൾക്കാണ് പൊളളലേറ്റിരുന്നത്. അപകടത്തിൽ ഗുരുതരമായി പൊളളലേറ്റിരുന്ന ചെറിയനാട് തോന്നയ്ക്കൽ സ്വദേശി ജയകുമാർ നേരത്തെ മരിച്ചിരുന്നു. ഇയാൾക്ക് 70 ശതമാനത്തോളം പൊളളലേറ്റിരുന്നു.
സംഭവത്തിൽ വെടിവഴിപാടുകാരൻ കരാർ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് വ്യക്തമാക്കി ഫയർഫോഴ്‌സ് സ്‌പെഷൽ ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. വിറക് അടുപ്പും പാചകസാധനങ്ങളും ഷെഡ്ഡിന് സമീപത്ത് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഷെഡ്ഡും വഴിപാട് നടത്തുന്ന പ്ലാറ്റ്‌ഫോമും തമ്മിൽ മതിയായ അകലം ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അപകടത്തിന്റെ സാഹചര്യത്തിൽ വെടിവഴിപാട് നിർത്തിവെക്കുകയും ചെയ്തിരുന്നു. സ്‌ഫോടക വസ്തുക്കൾ അശ്രദ്ധയോടെ കൈകാര്യം ചെയ്തതിനും കേസെടുത്തിട്ടുണ്ട്.
Discussion about this post