തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി വി ശിവൻകുട്ടിയുടെ നിയമസഭയിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാകുന്നു. നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് കെ എം മാണിയുടെ ബജറ്റ് അവതരണ വേളയിൽ സിപിഎം നേതാവ് വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ നടത്തിയ അതിക്രമങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്.
കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതി അനുമതി നിഷേധിച്ചത് ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനൊരുങ്ങുകയാണ് ബി.ജെ.പി. കേസിൽ വി.ശിവന്‍കുട്ടി പ്രതിയാണ്. ശിവന്‍കുട്ടി സ്പീക്കറുടെ വേദിയിലേക്ക് കയറുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതുമായ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും നിറയുകയാണ്.
നിയമസഭയിൽ അക്രമം അഴിച്ചുവിട്ട ഇടത് നേതാക്കളുടെ പേരിലുള്ള കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നേരത്തെ വിചാരണ കോടതിയെ സമീപിച്ചിരുന്നു. കോടതി അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി കൂടി കേസ് പിന്‍വലിക്കാന്‍ അനുമതി നിഷേധിച്ചതോടെ ഇപ്പോഴുള്ള മന്ത്രിമാരുള്‍പ്പെടെ വിചാരണ നേരിടേണ്ടിവരും.
‘ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പടിപൂജ നടത്തുന്ന ശിവൻകുട്ടി പൂജാരി‘ എന്ന തലക്കെട്ടോടെയാണ് വീഡിയോ മിക്ക ട്രോൾ ഗ്രൂപ്പുകളിലും പ്രചരിക്കുന്നത്.
Discussion about this post