പത്തനംതിട്ട: ജയസാധ്യത ശക്തമായ മഞ്ചേശ്വരത്തിനൊപ്പം അയ്യന്റെ മണ്ണായ കോന്നിയിലും പ്രചാരണത്തിൽ ഒരു മുഴം മുന്നേയെറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമല വിഷയം കത്തി നിന്ന സമയത്തെ സുധീരമായ നിലപാടിന്റെ പേരിൽ കോന്നിയുടെ കണ്ണിലുണ്ണിയായി മാറിയ സുരേന്ദ്രന് കോന്നിയിലെ ജനങ്ങളുമായുള്ള വൈകാരികമായ അടുപ്പമാണ് അവിടെ മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം മണ്ഡലത്തിൽ നടത്തിയ റോഡ്ഷോയിലെ വൻ ജനപങ്കാളിത്തം ബിജെപിക്ക് ജനപിന്തുണ വര്‍ധിച്ചതിനുള്ള തെളിവായും വിലയിരുത്തപ്പെടുന്നു. കോൺഗ്രസിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന മണ്ഡലത്തിൽ പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളിൽ ഗതിമുട്ടിയ അണികൾ കൂട്ടത്തോടെ ബിജെപിയെ സ്വീകരിക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ശബരിമല വിഷയം കോൺഗ്രസ് വേണ്ടത്ര പരിഗണിക്കാത്തതും ബിജെപിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്കിനെ സ്വാധീനിച്ചിട്ടുണ്ട്.
സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയും 22 വര്‍ഷം ഡിസിസി പ്രസിഡന്റുമായിരുന്ന പി.മോഹന്‍രാജ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ടതും ബിജെപി ശക്തമായി നിരീക്ഷിക്കുന്നുണ്ട്. മോഹന്‍രാജിന്റെ തുടര്‍നീക്കങ്ങള്‍ മണ്ഡലത്തിൽ നിർണ്ണായകമാണ്.
ശബരിമല വിഷയത്തിൽ സിപിഎം സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട വലിയൊരു വിശ്വാസി സമൂഹത്തിന്റെ പിന്തുണയും ബിജെപിക്കുണ്ട്. 2016ല്‍ കോന്നി മണ്ഡലത്തില്‍ 16,713 വോട്ടു മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് 46,506 ആയി ഉയർന്നിരുന്നു. 29,793 വോട്ടിന്റെ വര്‍ധനവാണ് ബിജെപിക്ക് ഉണ്ടായത്. ഉപതിരഞ്ഞെടുപ്പിലും 39,786 വോട്ടുകൾ കെ സുരേന്ദ്രന് ലഭിച്ചിരുന്നു.
കണക്കുകളിലും സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളിലും കണ്ണ് വെച്ച് കെ സുരേന്ദ്രൻ രണ്ടും കൽപ്പിച്ച് കോന്നിയിൽ പറന്നിറങ്ങുമ്പോൾ ശക്തമായ മറുതന്ത്രങ്ങൾ മെനയേണ്ട അവസ്ഥയിലാണ് നിലവിലെ എം എൽ എ ജനീഷ് കുമാറും യുഡിഎഫ് സ്ഥാനാർത്ഥി റോബിൻ പീറ്ററും.
Discussion about this post