തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി ഗണേശ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത്തവണ സൂപ്പർ താരം മോഹൻലാൽ എത്തിയേക്കില്ല. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും സുഹൃത്തുമായ സുരേഷ് ഗോപിയോടുള്ള സൗഹൃദം മാനിച്ചാണ് മോഹൻലാൽ ഇത്തവണ പത്തനാപുരത്ത് എത്താത്തത് എന്നാണ് സൂചന.
എന്നാൽ തന്റെ ആദ്യ സംവിധായക സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് ഇത്തവണ മോഹൻലാൽ എത്താത്തത് എന്നാണ് മറ്റൊരു വിവരം. കൂടാതെ ഏഷ്യാനെറ്റിലെ ബിഗ് ബോസിന്റെ അവതാരകനും കൂടിയാണ് മോഹൻലാൽ. ഇതിന്റെ തിരക്കുകളും താരത്തിനുണ്ട്.
കഴിഞ്ഞ തവണ ഗണേശ് കുമാറിന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോഴും രാഷ്ട്രീയത്തിനും സിനിമാ സൗഹൃദത്തിനും അപ്പുറം വ്യക്തിബന്ധം നിമിത്തമാണ് എത്തിയതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. 2011ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴും ഗണേശ് കുമാറിന് വേണ്ടി പ്രചാരണത്തിന് മോഹൻലാൽ എത്തിയിരുന്നു. അന്ന് മോഹൻലാലിനെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ഡി വൈ എഫ് ഐ അദ്ദേഹത്തിന്റെ സിനിമയായ ചൈനാ ടൗണിന്റെ പോസ്റ്ററുകളിൽ വ്യാപകമായി കരി ഓയിൽ ഒഴിച്ചിരുന്നു. എന്നാൽ ആ വർഷത്തെ ഏറ്റവും വലിയ വാണിജ്യ വിജയമായി ക്രിസ്ത്യൻ ബ്രദേഴ്സിന് പിന്നിൽ ചൈനാ ടൗൺ എത്തിയിരുന്നു.
Discussion about this post