കണ്ണൂർ:ശബരിമലയുടെ പേരിൽ ഇടത് മുന്നണിയിൽ തമ്മിലടി. യുവതീ പ്രവേശനത്തെ അനുകൂലിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം ചൊരിഞ്ഞ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾ രംഗത്തെത്തി.
ആനി രാജയുടെ നിലപാടിനെതിരെ സിപിഎം കതിരൂർ ബ്രാഞ്ച് സെക്രട്ടറിയാണ് ഫേസ്ബുക്കിൽ ആദ്യം പ്രതികരണവുമായി രംഗത്ത് വന്നത്. ആനി രാജയുടെ ഫോൺനമ്പർ കിട്ടുമോയെന്നായിരുന്നു ഫേസ്ബുക്കിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ചോദിച്ചത്. അതിന് താഴെയായി പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ സി.പി.എം. പ്രതിനിധിയും സ്ഥിരംസമിതി അധ്യക്ഷനുമായ രമേശ് കണ്ടോത്തും പ്രതികരണവുമായി രംഗത്ത് വന്നു.
ശബരിമല സ്ത്രീപ്രവേശന നിലപാടിനെ അനുകൂലിച്ച് ആനി രാജ നടത്തിയ പ്രസംഗം സിപിഎമ്മിലും സിപിഐയിലും ചർച്ചയായിരുന്നു. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുടെ ഭാര്യയായതുകൊണ്ടുമാത്രം നേതാവായതാണ് ആനിയെന്നും എപ്പോൾ, എവിടെ, എന്തു പറയണമെന്ന വിവേകമൊക്കെ അത്രയേ പ്രതീക്ഷിക്കാവൂ എന്നുമായിരുന്നു സിപിഎം നേതാക്കളുടെ ആക്ഷേപം.
ദേശീയ നേതാവിനെതിരെ സിപിഎം നേതാക്കൾ നടത്തിയ പ്രതികരണത്തിൽ സി.പി.ഐ. നേതൃത്വത്തിന് കടുത്ത പ്രതിഷേധമുണ്ടെന്നാണ് വിവരം.
Discussion about this post