പാലക്കാട്: ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകങ്ങളിലെ സിപിഎം- പോപ്പുലർ ഫ്രണ്ട് ബന്ധത്തിന്റെ തെളിവുകൾ പുറത്ത്. പാലക്കാട് ആർഎസ്എസ് മണ്ഡലം ബൗദ്ധിക് പ്രമുഖ് ആയിരുന്ന സഞ്ജിത്തിന്റെ കൊലപാതകത്തിലെ പ്രതികളിൽ ഒരാൾ സിപിഎം നേതാവിന്റെ അടുത്ത ബന്ധുവാണെന്ന വിവരം പുറത്ത് വന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മുഹമ്മദ് ഹാറൂണിനാണ് ഇടത് ബന്ധമുള്ളത്.
ഡിവൈഎഫ്‌ഐ കൊഴിഞ്ഞാമ്പാറ മേഖലാ കമ്മിറ്റി സെക്രട്ടി എം എ മുഹമ്മദിന്റെ ഭാര്യയുടെ സഹോദരനാണ് ഹാറൂൺ. സഞ്ജിത്തിന്റെ കൊലപാതകത്തിലെ പോപ്പുലർഫ്രണ്ട്- സിപിഎം ഗൂഢാലോചനയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. എന്നാൽ ഇത് അടിസ്ഥാന രഹിതമായ ആരോപണം ആണെന്നായിരുന്നു സിപിഎം നേതാക്കളുടെ വാദം.
നിലവിൽ ഹാറൂൺ ഉൾപ്പെടെ നാല് പേരെയാണ് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ ഉള്ളത്. ഇവർക്കായി കഴിഞ്ഞ ദിവസം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സിപിഎം പ്രവർത്തകരുടെ സഹായത്തോടെയാണ് ഇവർ ഒളിവിൽ കഴിയുന്നതെന്ന ആരോപണവും ശക്തമാണ്.
പോപ്പുലർ ഫ്രണ്ട് നടത്തുന്ന അരും കൊലകളിൽ തങ്ങൾക്ക് പങ്കില്ലെന്ന സിപിഎമ്മിന്റെവാദമാണ് ഇതോടെ പൊളിയുന്നത്. ബിജെപി-ആർഎസ്എസ് പ്രവർത്തകർക്ക് നേരെ എസ്ഡിപിഐ, പോപ്പുലർഫ്രണ്ട് പ്രവർത്തകർ നടത്തുന്ന ആക്രമണങ്ങൾ സിപിഎമ്മിന്റെ ഒത്താശ്ശയോടെയാണെന്ന ആരോപണം നേരത്തെ തന്നെ സജീവമായിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ പ്രസ്താവനകൾ നടത്തിയിരുന്നു.
Discussion about this post