ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിക്കെതിരെ സമരം ചെയ്ത പ്രതിപക്ഷ എം പിമാർ അറസ്റ്റിൽ. നിരോധനാജ്ഞ ലംഘിച്ച് പാർലമെന്റിനുള്ളിൽ പോലീസിനെ ഉപദ്രവിച്ച എം പിമാരാണ് അറസ്റ്റിലായത്. ജനാധിപത്യത്തെ അപമാനിക്കുന്ന ബാനറുകളുമായാണ് പ്രതിപക്ഷ എം പിമാർ പാർലമെന്റിൽ അക്രമം അഴിച്ചു വിട്ടത്.
കോടതി വിധിക്കെതിരായ പ്രതിഷേധത്തിൽ കോൺഗ്രസിനൊപ്പം ആം ആദ്മി പാർട്ടി, ഇടത് പാർട്ടികൾ, ഡി എം കെ എന്നിവരും പങ്കെടുത്തു. കോടതിക്കെതിരായ കോൺഗ്രസിന്റെ പ്രതിഷേധം അപകടകരമായ ചിന്താഗതിയുടെ ഉദാഹരണമാണെന്ന് ബിജെപി ആരോപിച്ചു. കോടതി വിധിക്കെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷത്തിനെതിരെ കോടതി അലക്ഷ്യത്തിന് കേസ് എടുക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
കോടതി വിധിയെ തുടർന്ന് എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് വേണ്ടി തിങ്കളാഴ്ചയും സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. സമാജ് വാദി പാർട്ടിയും കോൺഗ്രസിന് പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസുമായി സഹകരിക്കാനില്ലെന്ന് തൃണമൂൽ കോൺഗ്രസ്, ബി ആർ എസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു. രാഹുലിന്റെ ഒബിസി വിരുദ്ധ പരാമർശം അംഗീകരിക്കുന്നത് അപകടകരമായിരിക്കും എന്നാണ് ഈ പാർട്ടികളുടെ വിലയിരുത്തൽ.
2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ്, മോദി വിഭാഗത്തിൽ പെട്ടവരെല്ലാം കള്ളന്മാരാണ് എന്ന പരാമർശം രാഹുൽ ഗാന്ധി നടത്തിയത്. ഇതിനെതിരായ സൂറത്ത് കോടതിയുടെ വിധിയെ തുടർന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്.
Discussion about this post