വയനാട്: വയനാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം 2023ന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചു. പോസ്റ്ററുകളിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ കരി ഓയിൽ പൂശി വികൃതമാക്കി.
പടിഞ്ഞാറത്തറ ടൗണിൽ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പ്രതിഷേധവുമായി യുവമോർച്ച വയനാട് ജില്ലാ കമ്മിറ്റി രംഗത്ത് വന്നു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ കൃഷ്ണൻ, കെ. ശരത് കുമാർ, ജില്ല സെക്രട്ടറി എം.എ. സുനിൽ, എം.വി. മനോജ് എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തെ വ്യത്യസ്ത തുറകളിൽ പെടുന്ന യുവാക്കൾ പങ്കെടുക്കുന്ന യുവം 2023നെതിരെ പല കോണുകളിൽ നിന്നും നേരത്തേ തന്നെ ഭീഷണികൾ ഉയർന്നിരുന്നു. പരിപാടിയിൽ പ്രധാനമന്ത്രി യുവാക്കളെ അഭിസംബോധന ചെയ്യുന്നു എന്നറിഞ്ഞതോടെ ഇതിനെതിരെ രാഷ്ട്രീയ എതിരാളികളും ശക്തമായി രംഗത്ത് വന്നിരുന്നു.
യുവം 2023ൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം വധഭീഷണി ഉയർന്നിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പോലീസിൽ നിന്നും ചോർന്നിരുന്നു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കുകയും സന്ദർശനം നടക്കുന്ന ഇടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് ബദലൊരുക്കാൻ ഡി വൈ എഫ് ഐ പദ്ധതിയിടുന്നുണ്ട്. കോൺഗ്രസും സമാനമായ പരിപാടി നടത്താൻ ശ്രമിച്ചിരിന്നുവെങ്കിലും തൊഴുത്തിൽകുത്ത് കാരണം ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് യുവം 2023ന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരിക്കുന്നത്.
Discussion about this post