സമൂഹമാദ്ധ്യമങ്ങളിലൂടെ ലോകത്തെമ്പാടുമുള്ളവർ ലൈംഗിക പങ്കാളികളെ കണ്ടെത്തുകയും ഇടപെടുകയും ചെയ്യുമ്പോൾ കേരളത്തിൽ തേൻ കെണിയും ബ്ലാക്ക് മെയിലിംഗും വർദ്ധിച്ചുവരികയാണെന്ന് മുരളി തുമ്മാരുകുടി. വാട്ട്‌സ്ആപ്പ് വന്നത് നമുക്ക് കൂടുതൽ അനുയോജ്യരായവരെ അറിയാനും, പരിചയപ്പെടാനും പങ്കാളികൾ ആക്കാനും സഹായിച്ചു. ഒരു ലൈംഗിക വിപ്ലവം തന്നെയാണ് സമൂഹമാദ്ധ്യമങ്ങൾ ലോകത്തുണ്ടാക്കിയത്. എന്നാൽ കേരളത്തിൽ കാര്യങ്ങൾ തിരിച്ചാണെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കാളികളെ കണ്ടെത്താനുള്ള സാധ്യത ലോകത്തെവിടേയും പോലെ കേരളത്തിലും കൂടുകയാണ്. പക്ഷെ കപടസദാചാരത്തിൽ കുരുങ്ങിക്കിടക്കുന്ന കേരളത്തിൽ ഇത്തരം ബന്ധങ്ങൾ ഇപ്പോഴും സമൂഹം അംഗീകരിക്കുന്നില്ല. ഇത് ഇത്തരം ബന്ധങ്ങളിൽ പങ്കാളികളായവരെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള വാതിൽ തുറന്നിടുകയാണ്.
നാട്ടിലുള്ള ക്രിമിനലുകൾ ഇതൊരു ബിസിനസ്സ് ആക്കി വികസിപ്പിക്കുന്നു. സമൂഹത്തെ ഭയന്ന് ഈ ക്രിമിനലുകളുടെ ഇരകൾ കൂടുതലും വിഷയം റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് ബിസിനസ്സിന്റെ ലാഭ സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന ചിന്താഗതിയുള്ള പിള്ളേരെല്ലാം സദാചാര പോലീസിനെ പേടിച്ച് ഇന്ന് നാട് വിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തേൻ കെണിയും ബ്ലാക്ക് മെയിലിംഗും.
സമൂഹമാധ്യമങ്ങളുടെ വരവ് ലോകത്തെമ്പാടും ലൈംഗിക പങ്കാളികളെ കണ്ടെത്തുന്നതിലും ഇടപെടുന്നതിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പഠിക്കുന്ന സ്ഥലത്തോ, ഓഫീസിലോ, ഓഫീസിനടുത്തോ, യാത്ര ചെയ്യുന്നിടത്തോ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള പ്രദേശങ്ങളിലോ മാത്രമല്ല ഡേറ്റിങ്ങ് ആപ്പുകൾ വഴി ലോകത്തെവിടെയും പങ്കാളികളെ അന്വേഷിക്കാം എന്നായി. നേരിട്ടല്ലാതെ പ്രൊഫൈലുകൾ വഴി പങ്കാളികളെ തേടുമ്പോൾ സ്വന്തം ലൈംഗിക താല്പര്യങ്ങൾ, അതെത്ര വിചിത്രമായ താല്പര്യങ്ങൾ ആണെങ്കിൽ പോലും, തുറന്നു പറയാമെന്നായി.
വാട്ട്‌സ്ആപ്പ് വന്നതോടെ ലോകത്തെവിടേയും ഉള്ളവരോട് ചിലവില്ലാതെ സംസാരിക്കാം എന്ന് വന്നു. ഇതൊക്കെ നമുക്ക് കൂടുതൽ അനുയോജ്യരായവരെ അറിയാനും, പരിചയപ്പെടാനും പങ്കാളികൾ ആക്കാനും സഹായിച്ചു. ഒരു ലൈംഗിക വിപ്ലവം തന്നെ സമൂഹമാധ്യമങ്ങൾ ലോകത്തുണ്ടാക്കി. ഇതൊരു നല്ല കാര്യമാണ്. കേരളത്തിൽ പക്ഷെ കാര്യങ്ങൾ തിരിച്ചാണ്.
കേരളത്തിൽ ഇപ്പോൾ ദിവസത്തിൽ ഒന്നെന്ന നിലക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട പുരുഷന്മാരെ വിളിച്ചു വരുത്തി ഫോട്ടോ എടുത്തും അല്ലാതേയും ബ്ലാക്ക് മെയിൽ ചെയ്യുന്ന കഥകൾ റിപ്പോർട്ട് ചെയ്യുന്നു. ഏതാണ്ട് തുല്യ അളവിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ കണ്ടെത്തിയവരുമായി അടുത്തിടപഴകിയതിന്റെ പേരിൽ ബ്ലാക്ക് മെയിൽ ചെയ്യപ്പെടുന്ന സ്ത്രീകളുടെ കഥകളും വരുന്നു. സംഭവിക്കുന്ന കഥകളിൽ പത്തിലൊന്നു പോലും പുറത്തു വരാൻ വഴിയില്ലാത്ത വിഷയമാണ്. അപ്പോൾ എത്ര വ്യാപകമാണ് പ്രശ്‌നം എന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ. ഇതെന്താണ് ?
സമൂഹ മാധ്യമങ്ങൾ പങ്കാളികളെ കണ്ടെത്താനുള്ള സാധ്യത ലോകത്തെവിടേയും പോലെ കേരളത്തിലും കൂട്ടുന്നു. പക്ഷെ കപടസദാചാരത്തിൽ കുരുങ്ങിക്കിടക്കുന്ന കേരളത്തിൽ ഇത്തരം ബന്ധങ്ങൾ ഇപ്പോഴും സമൂഹം അംഗീകരിക്കുന്നില്ല. ഇത് ഇത്തരം ബന്ധങ്ങളിൽ പങ്കാളികളായവരെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള വാതിൽ തുറന്നിടുന്നു.
നാട്ടിലുള്ള ക്രിമിനലുകളും ക്രിമിനൽ സ്വഭാവം ഉള്ളവരും ഇതൊരു ബിസിനസ്സ് ആക്കി വികസിപ്പിക്കുന്നു. സമൂഹത്തെ ഭയന്ന് ഈ ക്രിമിനലുകളുടെ ഇരകൾ കൂടുതലും വിഷയം റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് ഈ ബിസിനസ്സിന്റെ ലാഭ സാധ്യത വർദ്ധിപ്പിക്കുന്നു. ഇതിന് ഒരു പോലീസിംഗ് സൊല്യൂഷൻ ഉണ്ടെന്ന് തോന്നുന്നില്ല. നമ്മുടെ നീതിന്യായ സംവിധാനങ്ങളുടെ വേഗത ക്രിമിനലുകൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. ഒരിക്കൽ പിടിക്കപ്പെട്ടാലും ജാമ്യത്തിൽ പുറത്തുവന്ന് വീണ്ടും ബിസിനസ്സ് തുടരാനുള്ള അവസരം ഒരുക്കുന്നു.
സാങ്കേതികവിദ്യയുടെ പുരോഗതിക്കൊപ്പം സമൂഹവും മാറുക എന്നത് മാത്രമാണ് ഇതിനൊരു പോംവഴി. പക്ഷെ അതൊന്നും ഇവിടെ നടക്കുന്ന മട്ടില്ല. പുരോഗമന ചിന്താഗതിയുള്ള പിള്ളേരെല്ലാം സദാചാരപ്പോലീസിനെ പേടിച്ച് നാട് വിടുകയാണ്. അതുകൊണ്ട് തന്നെ സമൂഹം കൂടുതൽ പിന്തിരിപ്പനായി വരും. തേൻ കെണികൾ കൂടി വരും. തേൻകെണിയിലും ബ്ലാക്ക് മെയിലിംഗിലും ഒന്നും വീഴാതെ നിങ്ങൾ നിങ്ങളെ നിങ്ങൾ തന്നെ കാത്തോളണം.
Discussion about this post