തിരുവനന്തപുരം: മലയാളികൾക്ക് ഏറെ പരിചതമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സിനിമയിൽ സജീവമായ മൂത്ത മകൾ അഹാന കൃഷ്ണയെ പോലെ തന്നെ ഇളയ സഹോദരികളായ ദിയയ്ക്കും ഇഷാനിയ്ക്കും ഹൻസികയ്ക്കും ആരാധകരുണ്ട്. അമ്മ സിന്ധുവും യൂട്യൂബ് ചാനൽ ആരംഭിച്ചതോടെ പ്രേക്ഷകർ കുടുംബത്തെ അടുത്തറിഞ്ഞു. ഇപ്പോഴിതാ തന്റെ പ്രിയതമയുടെയും മക്കളുടെയും വലിയൊരു സ്വപ്‌നം പൂവണിഞ്ഞ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് നടൻ കൃഷ്ണകുമാർ. കൃഷ്ണകുമാർ രാഷ്ട്രീയത്തിൽ സജീവമാകും മുൻപ് തന്നെ സിന്ധുവും നാല് പെൺകുട്ടികളും ഒരുമിച്ച് കണ്ട സ്വപ്‌നമാണ് അഹാദിഷ്‌ക ഫൗണ്ടേഷൻ എന്ന സന്നദ്ധസേവാസംഘടന.കഴിഞ്ഞ ദിവസം ഇതിന്റെ ഓഫീസ് തിരുവനന്തപുരത്തു പ്രവർത്തനമാരംഭിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരനും അദ്ദേഹത്തിന്റെ പത്‌നിയും ചടങ്ങിന് എത്തിച്ചേർന്നിരുന്നു.
അഹാദിഷ്‌ക ഫൗണ്ടേഷനെ കുറിച്ച് നടൻ കൃഷ്ണ കുമാർ സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ശ്രീപത്മനാഭന്റെയും, മാതാപിതാക്കളുടെയും, ഗുരുജനങ്ങളുടെയും പിന്നെ നിങ്ങളോരോരുത്തരുടെയും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും അകമഴിഞ്ഞ നന്ദിപറഞ്ഞുകൊണ്ടു തുടങ്ങട്ടെ. അഹാദിഷിക ഫൗണ്ടേഷൻ അതിന്റെ പുതിയ ഓഫീസ് ഇന്നുമുതൽ പ്രവർത്തനമാരംഭിച്ചു. ഇന്നുരാവിലെ മുരളിയേട്ടനും ഭാര്യ ഡോ. ജയശ്രീയും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രികരിച്ചു കൊണ്ട്, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട പെൺകുട്ടികളെ സഹായിക്കുക, അവരെ കൈപിടിച്ചുയർത്തുക എന്നതാണ് ഈ സംരംഭത്തിന്റെ മുഖ്യലക്ഷ്യം. ഇതിനോടകം തന്നെ വിതുരയിലെ വളരെ പിന്നാക്കം നിൽക്കുന്ന മേഖലയിൽ നമ്മുടെ പ്രധാനമന്ത്രി മോദിജിയുടെ സ്വപ്നപദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാനിൽ നിന്നും പ്രചോദനം കൊണ്ട് ഒൻപതോളം ടോയ്‌ലെറ്റുകൾ നിർമ്മിച്ച് നൽകിക്കഴിഞ്ഞു.
വിദ്യാർഥിനികൾക്ക് പഠന സഹായികൾ, മൊബൈൽ ഫോണുകൾ, അംഗ വൈകല്യമുള്ളവർക്ക് വീൽ ചെയറുകൾ എന്നിവ നൽകാനും ഫൗണ്ടേഷന് ഇതിനോടകം സാധിച്ചു. കൂടുതൽ ടോയ്ലെറ്റുകളും, പാവപ്പെട്ടവർക്ക് വീടുകളും നിർമ്മിച്ച് നൽകാനുള്ള പദ്ധതിയുടെ തയാറെടുപ്പിലാണ് അഹാദിഷിക ഇപ്പോൾ.അഹാനയും ദിയയും ഇഷാനിയും ഹൻസികയും പിന്നെ സിന്ധുവും ചേർന്ന് കണ്ട ഒരു സ്വപ്നം ഇന്നിപ്പോഴത് ഒരുപിടി സഹോദരിമാരുടെയും കൂടി സ്വപ്നസാക്ഷാത്കാരത്തിനുതകുന്നതായി മാറുന്നത് കാണുമ്പോൾ ഒരച്ഛനെന്ന നിലയിലും, കുടുംബനാഥനെന്ന നിലയിലും, പിന്നെ ഒരു പൊതുപ്രവർത്തകനെന്ന നിലയിലും എനിക്കുള്ള ആഹ്ലാദവും അഭിമാനവും വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാവുന്നതല്ല.
കൂടുതൽ സന്തോഷങ്ങളും അനുഗ്രഹങ്ങളും ലഭിക്കുമ്പോൾ കൂടുതൽ എളിമയോടെ നന്ദി പറയാനും കൂടുതൽ പ്രവർത്തിക്കാനും ഉപദേശം നൽകിയ എന്റെ മാതാപിതാക്കളുടെ ആശീർവ്വാദങ്ങൾ എന്റെ കുട്ടികൾക്കും, നാടിന്റെ കുട്ടികൾക്കും, പിന്നെ ആഹാദിഷിക ഫൗണ്ടേഷനും തലുറകളോളം താങ്ങും തണലുമായി മാറാനുള്ള അടിത്തറ പാകട്ടെ.എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി. മഴമാറി, നന്മയുടെ പൊൻ വെളിച്ചം മാത്രം തന്ന ഇന്നത്തെ പ്രകൃതിയോടും, പിന്നെ എല്ലാം നിയന്ത്രിക്കുന്ന ആ മഹാശക്തിക്കും. അവിഘ്‌നമസ്തു’
Discussion about this post