തിരുവനന്തപുരം; ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ ഡിവൈഎഫ്‌ഐ നേതാവിന് പിഴ ചുമത്തിയ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. സിപിഎമ്മിന്റെഭീഷണിയെ തുടർന്നായിരുന്നു രണ്ട് എസ്‌ഐ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ഇവരെ പേട്ട സ്റ്റേഷനിൽ തന്നെ നിയമിച്ചു. വകുപ്പ് തല അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കമ്മീഷണർ സി.എച്ച്. നാഗരാജുവിൻറേതാണ് നടപടി.ഹെൽമറ്റില്ലാതെ ബൈക്കോടിച്ച ഡിവൈഎഫ്. ഐ നേതാവിനു പിഴ നൽകിയതായിരുന്നു പ്രശ്‌നം. വ്യാപക എതിർപ്പിനെ തുടർന്നാണ് നടപടി തിരുത്തിയത്.
ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണ് എസ്എഫ്ഐ ബ്ലോക്ക് സെക്രട്ടറിയും ഡിവൈഎഫ്‌ഐ നേതാവുമായ നിധിനെതിരെ നടപടി സ്വീകരിച്ചത്. ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ആവശ്യപ്പെട്ടപ്പോൾ താൻ ഡി.വൈ.എഫ്.ഐ. ഭാരവാഹിയാണെന്നും അത്യാവശ്യമായി പുറത്തിറങ്ങിയപ്പോൾ ഹെൽമെറ്റ് എടുക്കാൻ മറന്നതാണെന്നും പറഞ്ഞു. പിഴ അടയ്ക്കണമെന്നായി എസ്.ഐ.മാർ. ഇതോടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നീട്, എസ്.ഐ. തെറിവിളിക്കുകയും മർദിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് സി.പി.എം. നേതാക്കളുമായി നിതിൻ വൈകീട്ട് ആറോടെ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്.
തുടർന്ന് സ്ഥലം എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയുമായ വി ജോയിയും പോലീസ് സ്‌റ്റേഷനിലെത്തി പ്രശ്‌നമുണ്ടാക്കി. ഡിവൈഎഫ്ഐക്കാരെ തല്ലിയിട്ട് ഇവിടെ ജോലി ചെയ്യാമെന്ന് കരുതുന്നുണ്ടോ? എന്നായിരുന്നു അസി. കമ്മീഷണർ അനുരൂപിനോടും മറ്റ് പോലീസുകാരോടുമുള്ള എംഎൽഎയുടെ ഭീഷണി. ഒരു മണിക്കൂറോളം എംഎൽഎ പോലീസിനെ നിർത്തിപ്പൊരിച്ചു. തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷനിലാണ് സംഭവം.
Discussion about this post