കോട്ടയം; മുഖ്യമന്ത്രി പിണറായി വിജയൻ വായ മൂടിക്കെട്ടിയ പോത്താണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുതുപ്പളളിയിലെ കൊട്ടിക്കലാശത്തിന് മുന്നോടിയായി ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവേയാണ് സുധാകരന്റെ വാക്കുകൾ. മുഖ്യമന്ത്രി മൂന്ന് ദിവസം പുതുപ്പളളിയിൽ പ്രചാരണത്തിന് ഇറങ്ങിയത് തൊലിക്കട്ടി കൊണ്ടാണ്. തൊലിക്കട്ടിയില്ലാത്ത ആളാണെങ്കിൽ വരില്ല. അത്ര മോശമാണ് മുഖ്യമന്ത്രിയെക്കുറിച്ച് ജനങ്ങളുടെ മനസിലുളള ചിത്രമെന്നും സുധാകരൻ പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിൽ ഇടതുപക്ഷ ഭരണം തകർച്ചയുടെ വക്കിലാണ്. പാർട്ടിക്കകത്ത് അങ്കം കുറിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ശക്തമായ പോരാട്ടം തുടങ്ങി. കൊളളരുതായ്മകളും കൊളളയും നടത്തി തന്റെ കാര്യം മാത്രം നോക്കുന്ന മുഖ്യമന്ത്രിയാണെന്ന് സാധാരണ സിപിഎം പ്രവർത്തകർ പോലും പറഞ്ഞു തുടങ്ങി. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിച്ച പോലീസിനെയും അതിന് വേണ്ടി വരുന്ന ചിലവും യാത്രാച്ചിലവും മകൾക്ക് വരുന്ന മാസപ്പടിയും ഉൾപ്പെടെ അതിനെക്കുറിച്ചൊന്നും പ്രതികരിക്കാതെ നടക്കുന്ന ഒരു മുഖ്യമന്ത്രിയാണെന്നും കെ സുധാകരൻ പറഞ്ഞു.
പുതുപ്പളളിയിൽ ഉമ്മൻചാണ്ടിക്കും ചാണ്ടി ഉമ്മനും യുഡിഎഫിനും എതിരെ ആക്ഷേപം ഉണ്ടെങ്കിൽ ജനം വിലയിരുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് പൂർണ പ്രതീക്ഷയുണ്ട്. വോട്ടെടുപ്പിൽ
വസ്തുതയെന്താണെന്ന് മനസിലാകും. ആരാണ് പ്രതിയെന്നും ആരാണ് വാദിയെന്നും അപ്പോൾ മനസിലാകുമെന്നും സുധാകരൻ പറഞ്ഞു.
Discussion about this post