പുതുപ്പളളി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പളളി നിയമസഭാ മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിച്ചു. ഒരു മാസത്തിലധികം നീണ്ട പ്രചാരണത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നതായിരുന്നു പരസ്യപ്രചാരണത്തിന്റെ സമാപനം കുറിച്ച് നടന്ന കൊട്ടിക്കലാശം. പ്രിയപ്പെട്ട സ്ഥാനാർത്ഥികളുടെ ചിത്രം പതിച്ച ബാനറുകളും പോസ്റ്ററുകളും പാർട്ടി കൊടികളുമായി ഡ്രമ്മുകളിൽ നിന്നും ഇടിമുഴക്കം തീർത്ത താളത്തിനൊപ്പം നൃത്തം ചെയ്തും മുദ്രാവാക്യം വിളിച്ചും കൊട്ടിക്കലാശം അവർ ആഘോഷമാക്കി.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുളള നേതാക്കൾ പുതുപ്പളളിയിലെ പ്രവർത്തകരുടെ ആവേശം വാനോളമുയർത്താൻ കൊട്ടിക്കലാശ വേദിയിൽ നേരിട്ടെത്തി. പാമ്പാടിയിലായിരുന്നു മൂന്ന് പ്രധാന സ്ഥാനാർത്ഥികളുടെയും പ്രചാരണത്തിന് കൊട്ടിക്കലാശവേദി ഒരുക്കിയത്. സ്പീക്കറുകളിലൂടെ മുഴങ്ങിയ പ്രചാരണ ഗാനങ്ങളുടെ താളത്തിനൊത്ത് ചുവടുവെച്ചും കൊടികൾ ഉയർത്തി വീശിയും കലാശക്കൊട്ട് കൊഴുപ്പിച്ചു.
വലിയ സുരക്ഷയും കലാശക്കൊട്ടിനായി ഒരുക്കിയിരുന്നു. എങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. ചൊവ്വാഴ്ചയാണ് പുതുപ്പളളിയിൽ തിരഞ്ഞെടുപ്പ്. ഇനി നിശബ്ദ പ്രചാരണം മാത്രമാണ് നടക്കുക. തിങ്കളാഴ്ചയും അവസാനവട്ട വോട്ടുറപ്പിക്കലിനായി സ്ഥാനാർത്ഥികൾ വീട് കയറി പ്രചാരണം നടത്തും.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്നാണ് പുതുപ്പളളിയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർത്ഥി. ജെയ്ക്ക് സി തോമസ് ആണ് എൽഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. ബിജെപി ജില്ലാ അധ്യക്ഷൻ കൂടിയായ ലിജിൻ ലാൽ ആണ് എൻഡിഎയ്ക്ക് വേണ്ടി ജനവിധി തേടുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനം ഏതാനും ദിവസങ്ങൾ വൈകിയെങ്കിലും പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ആ വീഴ്ച നികത്തുന്ന പ്രകനമാണ് ബിജെപി നടത്തിയത്. എല്ലാ വാർഡ് തലങ്ങളിലും പ്രവർത്തകർ വീടുകൾ കയറി വോട്ട് അഭ്യർത്ഥിച്ചു കഴിഞ്ഞു.
Discussion about this post