കോട്ടയം: പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാമത്തെ ഉപതിരഞ്ഞെടുപ്പാണ് ഇന്ന് പുതുപ്പള്ളിയിൽ നടക്കുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്‌ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണുള്ളത്. പോളിംഗ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
182 ബൂത്തുകളാണ് മണ്ഡലത്തിലാകെ സജ്ജീകരിച്ചിരിക്കുന്നത്. അയർകുന്നത്തും വാകത്താനത്തുമാണ് ഏറ്റവും കൂടുതൽ ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളിലെ നടപടികൾ ഇതുവഴി കളക്ടറേറ്റിൽ തത്സമയം അറിയാനും സാധിക്കും.
ഏഴ് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും, ജെയ്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലും വോട്ട് രേഖപ്പെടുത്തും. ലിജിൻ ലാലിന് മണ്ഡലത്തിൽ വോട്ട് ഇല്ല. മൂന്നാഴ്ച നീണ്ടുനിന്ന പ്രചാരണത്തിന് ശേഷമാണ് സ്ഥാനാർത്ഥികൾ പുതുപ്പള്ളിയിൽ ജനവിധി തേടുന്നത്.
Discussion about this post