ആധിക് രവിചന്ദറിന്റെ സംവിധാനത്തിൽ വിശാലും എസ്.ജെ. സൂര്യയും മുഖ്യവേഷങ്ങളിലെത്തിയ മാർക്ക് ആന്റണി കേരളത്തിലും മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുകയാണ്.
ഈ അവസരത്തിലാണ് ഒരു മലയാളം സ്വകാര്യ മാധ്യമത്തിനോട് തന്റെ സ്വപ്ന സിനിമയേക്കുറിച്ചു നടൻ വിശാലിന്റെ തുറന്നു പറച്ചിൽ. കൂട്ടത്തിൽ മലയാള സിനിമയിൽ തനിക്കു അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
വിജയ്നെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്നതാണ് തന്റെ വലിയ ആഗ്രഹമെന്ന് വിശാൽ പറഞ്ഞു. അതിനെക്കുറിച്ചു കുറേ നാളുകളായി ആലോചിക്കുന്നുണ്ട്. ഇപ്പോൾ തന്റെ ഏറ്റവും വലിയ സ്വപ്നവും അതു തന്നെയാണെന്നും വിശാൽ ചൂണ്ടിക്കാട്ടി.
“മലയാള സിനിമയും അതിലെ കലാകാരന്മാരും എന്നെ എക്കാലത്തും അമ്പരപ്പിച്ചവരാണ്. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലുള്ള ലെജൻഡുകളിൽനിന്ന് അടുത്ത തലമുറയായ ഫഹദ് ഫാസിലിലേക്കും ദുൽഖർ സൽമാനിലേക്കുമൊക്കെ എത്തിനിൽക്കുമ്പോഴും മലയാളം അപാരമായ റേഞ്ചിൽത്തന്നെയാണ്. കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോൾ ഞാൻ കണ്ട സിനിമകളിൽ കൂടുതലും മലയാളമായിരുന്നു. ജോജി എന്ന സിനിമ കണ്ടാണ് അതിലെ രണ്ടു താരങ്ങളെ എന്റെ സിനിമയിലേക്ക് വിളിച്ചത്.”
മാത്രമല്ല, മോഹൻലാലിന്റെ മകൻ പ്രണവിനെ നേരത്തേതന്നെ അറിയാം. അതുകൊണ്ടുതന്നെ പ്രണവിന്റെ സിനിമ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. മലയാളത്തിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നത് തന്റെ വലിയ മോഹങ്ങളിലൊന്നാണെന്നും വിശാൽ കൂട്ടിച്ചേർത്തു. വിശാലിന്റെ 33-ാമത്തെ ചിത്രമാണ് മാർക്ക് ആന്റണി.
Discussion about this post