കൊച്ചി: മാസപ്പടി അടക്കമുളള അനധികൃതമായ സാമ്പത്തികം ഒളിപ്പിക്കാനുളള കേന്ദ്രമാക്കി സഹകരണ പ്രസ്ഥാനങ്ങളെ സിപിഎം മാറ്റിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബ്രേവ് ഇന്ത്യ ന്യൂസിന് നൽകിയ വീഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിന് പിന്നാലെ കളളപ്പണം വെളുപ്പിക്കാനുളള ആസൂത്രിത ശ്രമമാണ് സിപിഎം വ്യാപകമായി നടത്തിയത്. തന്റെ നാട്ടിൽ ഉൾപ്പെടെ സഹകരണ ബാങ്കുകളിൽ രാത്രിയിൽ ഷട്ടർ അടച്ചിരുന്ന് വലിയ തുകകളെല്ലാം ചെറിയ തുകകളാക്കി പലരുടെയും അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു.
നിയമവിരുദ്ധമായ പണം നിയമപരമായ പണമാക്കി മാറ്റാൻ വലിയ ശ്രമമാണ് നടത്തിയത്. അക്കൗണ്ട് ഉടമകൾ പോലും അറിയാതെയാണ് ഇങ്ങനെ പണം നിക്ഷേപിച്ചത്. കോടിക്കണക്കിന് രൂപയാണ് അന്ന് കളളപ്പണം വെളുപ്പിച്ചത്. അത് ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രാജ്ഭവന് മുൻപിൽ പ്രതിഷേധം നടത്തി ഭീഷണി മുഴക്കി. കുമ്മനം രാജശേഖരൻ ബിജെപി അദ്ധ്യക്ഷനായിരുന്ന സമയത്താണ്. എടോ രാജശേഖരാ ഞങ്ങളുടെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാമെന്ന് കരുതണ്ട എന്ന് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയത് അന്നാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
അഴിമതിയിലൂടെ ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ നിക്ഷേപിച്ചത്. മാസപ്പടി അടക്കമുളള തുക ഒളിപ്പിച്ചു വെയ്ക്കാനുളള മേഖലയായി സഹകരണ പ്രസ്ഥാനങ്ങളെ സിപിഎം മാറ്റി. കരുവന്നൂരിലേത് ബിജെപി ഉയർത്തിക്കൊണ്ടുവന്ന പ്രശ്‌നമല്ല. ബിജെപി ഒരു പ്രത്യേക ഘട്ടത്തിലാണ് അതിൽ ഇടപെടുന്നത്. കരുവന്നൂരിൽ സിപിഎം പ്രവർത്തകർ തന്നെയാണ് ഈ വിഷയം ഉയർത്തിക്കൊണ്ടു വന്നതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കടകംപളളി സുരേന്ദ്രന് അവർ പരാതി നൽകിയിട്ടുണ്ട്, മാറി മാറി വന്ന ജില്ലാ സെക്രട്ടറിമർക്കും പരാതി നൽകി. കോടിയേരി ബാലകൃഷ്ണന് പരാതി നൽകി. പക്ഷെ ഒരു പരാതിയും അന്വേഷിച്ചില്ലെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അന്വേഷിച്ച് ചെല്ലുമ്പോഴാണ് അവിടെ മാത്രമല്ല, അവിടെ നിന്നും പണമെടുത്ത് വേറെ സഹകരണ ബാങ്കുമായി ചേർന്ന് അവിടെയും തട്ടിപ്പ് നടത്തിയിരിക്കുകയാണ്. അങ്ങനെ 167 സഹകരണ ബാങ്കുകളുടെ കളളപ്പണത്തെക്കുറിച്ചുളള വിവരങ്ങൾ അന്ന് ബിജെപി സമാഹരിച്ചിരുന്നു. പലയിടത്തും പരാതികൾ നൽകുകയും ചെയ്തു. പക്ഷെ വ്യാപകമായ അന്വേഷണമായി മാറിയില്ല.
കരുവന്നൂരിൽ സതീഷ് കുമാർ മാത്രം 800 കോടി രൂപയുടെ ഇടപാടുകൾ നടത്തിയെന്നാണ് തന്റെ അറിവിൽ മനസിലാകുന്നതെന്ന് കെ സുരേന്ദ്രൻ. ഒരുപാട് ഭൂമി വാങ്ങിക്കൂട്ടി, പോലീസുകാർ ഉൾപ്പെടെ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ പണം വാങ്ങി പലിശയ്ക്ക് കൊടുക്കുന്ന പരിപാടി ഉൾപ്പെടെ ആരംഭിച്ചിരുന്നതായിട്ടാണ് അറിവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
നിങ്ങളുടെ പണം പോകില്ല ഞങ്ങൾ ഗ്യാരണ്ടിയാണെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എങ്ങനെയാണ് അങ്ങനെ പറയാൻ കഴിയുകയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ആയിരക്കണക്കിന് കോടി രൂപ അഴിമതിക്കാർ തട്ടിയെടുത്തതിന് സർക്കാർ എങ്ങനെയാണ് ഗ്യാരണ്ടിയെന്ന് നൽകുക.
പിണറായി വിജയൻ അടക്കമുളള കണ്ണൂരിലെ സിപിഎം നേതാക്കൾ നടത്തിയ വലിയ തട്ടിപ്പിന്റെ ഫലമായിട്ടാണ് റബ്‌കോയിൽ ഇത്രയും നഷ്ടം വരുന്നത്. റബ്‌കോയ്ക്ക് 400 കോടിയാണ് നൽകിയത്. നമ്മുടെ നികുതി പണം ആണ്. ജനങ്ങളുടെ കാശ് എടുത്തിട്ട് വേണോ ഇതൊക്കെ കൊടുക്കാൻ. പാർട്ടിയുടെ കൈയ്യിൽ ഇഷ്ടം പോലെ പണം ഉണ്ടല്ലോ. ഇന്ന് ഇന്ത്യയിൽ തന്നെ ശക്തമായ സാമ്പത്തിക സ്രോതസും നീക്കിയിരിപ്പും ഉള്ള പാർട്ടിയാണ് സിപിഎം അവരുടെ ഫണ്ടിൽ നിന്ന് പൈസ കൊടുക്കുകയാണ് വേണ്ടത്. അതിന് പകരം നിങ്ങൾ രക്ഷപെട്ടുകൊളളുക സഹകാരികൾക്ക് പണം പോയെങ്കിൽ ഞങ്ങൾ കൊടുക്കാം എന്ന് പറയുക. ഒന്നും കൊടുക്കാൻ കഴിയില്ല, തൽക്കാലത്തേക്ക് രക്ഷപെടുക എന്നുളളതേയുളളൂ ഇത്തരം ഉറപ്പുകൾക്ക് പിന്നിലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
കെവൈസിയെ ഉൾപ്പെടെ സിപിഎം എതിർത്തത് ഈ തട്ടിപ്പിന് മറപിടിക്കാനാണ്. കോഓപ്പറേറ്റീവ് സ്ഥാപനങ്ങൾക്കായി അമിത് ഷാ മുൻകൈയ്യെടുത്ത് ഒരു പൊതു സോഫ്റ്റ് വെയർ രൂപീകരിച്ചു. അതിനോടും കേരളം വിമുഖത പ്രകടിപ്പിക്കുകയാണ്. സഹകരണ ബാങ്കിലെ ഇടപാടുകൾ ആർബിഐ നിയന്ത്രണത്തിൽ വരും എന്നതുകൊണ്ടാണിത്.
ആർബിഐയുടെ നിയന്ത്രണത്തിലുളള അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റികളെപ്പോലെ പിഎഎസുകളെ മാറ്റുകയെന്നത് മാത്രമേ ഈ തട്ടിപ്പുകൾക്ക് പരിഹാരമുളളൂ. ആർബിഐ നിയന്ത്രണത്തിലുളള അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലൊന്നും ഇങ്ങനെ തട്ടിപ്പ് നടത്താനാകില്ല ഒരു രൂപ മാറ്റിയിട്ടുണ്ടെങ്കിൽ അതിന് കണക്കുണ്ടാകും. സാധാരണക്കാരന് വേണ്ടിയാണ് സഹകരണ പ്രസ്ഥാനങ്ങൾ. മകളുടെ വിവാഹത്തിനും ചികിത്സയ്ക്കുമായിട്ടൊക്കെ അവർ നീക്കിവെച്ച പണമാണ് തട്ടിയെടുത്തത്. കേന്ദ്രം സുതാര്യമാ കോ ഓപ്പറേറ്റീവ് മൂവ്‌മെന്റിവനാണ് ശ്രമിക്കുന്നത്. ഇത് കേരളമാണ് എന്ന് പറഞ്ഞ് ഇതൊന്നും അംഗീകരിക്കാതിരുന്നാൽ വലിയ തകർച്ചയിലേക്ക് മാത്രമേ പോകൂവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post