കൊച്ചി : മുസ്ലിം ലീഗ് നേതാവ് സാദിഖലി തങ്ങളുടെ ഹമാസ് പിന്തുണയ്ക്കെതിരെ ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ കെ.എസ് രാധാകൃഷ്ണൻ. മുസ്ലിങ്ങൾക്ക് പ്രവാചകനായ മൊഹമ്മദിന്റെ ഒരു മിസ്റ്റിക് രാത്രി യാത്രയുടെ ബന്ധം മാത്രമല്ലേ ജറുസലമും ആയിട്ടുള്ളൂ? മൂപ്പിളമക്രമത്തിൽ മുസ്ലിങ്ങളേക്കാൾ യഹൂദർക്കും ക്രിസ്ത്യാനികൾക്കും അവിടെ അവകാശവാദം ഉന്നയിക്കാവുന്നതല്ലേയെന്നും കെ.എസ് രാധാകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു.
മുസ്ലിംകളുടെ വിശുദ്ധ മണ്ണായ ജറൂസലം ഉൾകൊള്ളുന്ന പാലസ്‌തീൻ ജൂദന്മാർ കയ്യേറിയതിനെ ന്യായീകരിക്കാനാകില്ല എന്നാണ് തങ്ങളുടെ വാദം. ഇതേ വാദത്തിന്റെ യുക്തി ഉപയോഗിച്ചാൽ യഹൂദരും ക്രിസ്ത്യാനികളും രാപാർത്തിരുന്ന ആ പ്രദേശത്ത്, ആയിരത്താണ്ടുകൾക്കു ശേഷം, മുസ്ലിങ്ങൾ കയ്യേറിയതും ന്യായീകരിക്കാനാകില്ലല്ലോ? അതോ മുസ്ലിങ്ങൾക്ക് ഏതുപ്രദേശവും എങ്ങിനെ, എപ്പോൾ വേണമെങ്കിലും കൈയേറാമെന്നാണോ തങ്ങൾ വിശ്വസിക്കുന്നതെന്നും രാധാകൃഷ്ണൻ ചോദ്യം ഉന്നയിച്ചു.
കെ.എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
മുസ്ലിംലീഗ് നേതാവ് സയ്ദ് സാദിഖലി തങ്ങളോട് ചില ചോദ്യങ്ങൾ???
ഹമാസിന് എതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധം മാനവികതയ്ക്കും മനുഷ്യാവകാശത്തിനും എതിരെ നടത്തുന്ന യുദ്ധമാണ്. അതുകൊണ്ട് ലോകമെമ്പാടുമുള്ള മാനവിക വാദികൾ ഹമാസിന് ഒപ്പം നിൽക്കണം. ഇന്ത്യ എന്നും പാലസ്തീന് ഒപ്പമായിരുന്നു. ഇനിയും ഇന്ത്യ പാലസ്‌തീന് ഒപ്പം നിൽക്കണം. ഇസ്രായേൽ, പലസ്‌തീൻ കീഴടക്കിയതാണ് യുദ്ധത്തിന്റെ അടിസ്ഥാന കാരണം. അതുകൊണ്ടു യുദ്ധം അവസാനിപ്പിക്കാനായി ഇസ്രായേൽ ജനത അവിടന്ന് ഒഴിഞ്ഞു പോകണം. കഴിഞ്ഞ ദിവസം തങ്ങൾ നടത്തിയ പ്രസ്താവനയുടെ രത്‌നച്ചുരുക്കം ഇതാണ്. ഈ സാഹചര്യത്തിൽ തങ്ങളോട് ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാനാകില്ല.
(1) മനുഷ്യാവകാശം ഹമാസ്സ് എന്ന ഭീകരവാദ സംഘടനയിൽ പെട്ടവർക്ക് മാത്രം അവകാശ പെട്ട ഒന്നാണോ? ഗറില്ലാ യുദ്ധം ആത്മഹത്യ സംഘങ്ങളുടെ ഒളിയുദ്ധം ഇവയെല്ലാമാണ് ഹമാസിന്റെ കർമ്മ മാർഗം. അതുകൊണ്ടാണ് ഒരു അപരാധവും ചെയ്യാത്ത 40 കുഞ്ഞുങ്ങളെ, അവർ ഇസ്രായേൽ ജൂദന്മാരാണ് എന്നത് കൊണ്ട് മാത്രം, കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത്. (വാർത്ത ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയിൽ) ഇനിയും ഒട്ടനേകം നിരപരാധികളെ അവർ ബന്ദികളായി പിടിച്ചിട്ടുണ്ട്. കൂടാതെ അറുനൂറിലേറെ പേരെ ഇതിനകം അവർ കൊന്നും കഴിഞ്ഞു. ഇങ്ങനെ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്കും നിരപരാധികൾക്കും മനുഷ്യാവകാശങ്ങൾ ഇല്ലേ? എന്തുകൊണ്ടാണ് ഇവരുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് മഹാനായ അങ്ങ് നിശ്ശബ്ദനാകുന്നത്? മനുഷ്യാവകാശം വേണം എന്ന് പറയുന്നവർ അക്രമവും ഹിംസയും ചെയ്യാൻ പാടില്ല എന്നത് അടിസ്ഥാന തത്വമാണ്. കാരണം നീതി ചോദിക്കുന്നവർ നീതിചെയ്തിരിക്കണം എന്നതാണ് അടിസ്ഥാന നീതിവാക്യം. എന്നാൽ, ഹമാസിന് എന്ത് അക്രമവും അനീതിയും കൊലയും കൊള്ളയും നടത്താം എന്നും മറ്റുള്ളവർ ഹമാസിന്, മനുഷ്യാവകാശത്തിന്റെ പേരിൽ, ഇളവ് നൽകണം എന്നുമാണ് അങ്ങ് ആവശ്യപ്പെടുന്നത്. ഇതെന്തു നീതിബോധമാണ് സർ?
(2) ഇസ്രായേൽ പാലസ്‌തീൻ പ്രദേശത്തു കുടിപാർത്തതാണ് ഇസ്രായേൽ – പാലസ്‌തീൻ സംഘർഷത്തിന്റെ അടിസ്ഥാന കാരണം എന്നാണ് അങ്ങയുടെ വാദം. ഈ വാദം ശരിയാണോ? പാലസ്‌തീൻ പ്രദേശം സുന്നി മുസ്ലിങ്ങൾക്ക് മാത്രം അവകാശപ്പെട്ട ഒന്നാണോ? ക്രിസ്തു ജനിച്ചു ഏഴ് നൂറ്റാണ്ടു ആയപ്പോഴല്ലേ പ്രവാചകനായ മുഹമ്മദ് ജനിച്ചത്? അതിനു മുൻപ് അബ്രഹാമിക യഹൂദന്മാരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നല്ലോ? അബ്രഹാമിന്റെ സന്തതി പരമ്പരയിൽപ്പെട്ട പ്രവാചകനായ മോസസ് അബ്രഹാമിന്റെ സന്തതികളെ കുടിയിരുത്തിയ പ്രദേശമല്ലേ അത്? അതുകൊണ്ട് യഹൂദർക്ക് ജറൂസലം അവരുടെ പിതൃഭുമിയും പുണ്യഭൂമിയുമാണ്. മുസ്ലിങ്ങൾ ജനിക്കുന്നതിനു മുൻപേ അവർക്കു അവകാശപ്പെട്ട സ്ഥലമല്ല അത്? ക്രിസ്ത്യാനികൾക്കാകട്ടെ യേശുദേവന്റെ പീഡാനുഭവവും പുന:രുത്ഥാനവും നടന്ന സ്ഥലമാണ് ജറൂസലം. മുസ്ലിങ്ങൾക്ക് പ്രവാചകനായ മൊഹമ്മദിന്റെ ഒരു മിസ്റ്റിക് രാത്രി യാത്രയുടെ ബന്ധം മാത്രമല്ലേ ജറുസലമും ആയിട്ടുള്ളൂ? മൂപ്പിളമക്രമത്തിൽ മുസ്ലിങ്ങളേക്കാൾ യഹൂദർക്കും ക്രിസ്ത്യാനികൾക്കും അവിടെ അവകാശവാദം ഉന്നയിക്കാവുന്നതല്ലേ?
(3) മുസ്ലിംകളുടെ വിശുദ്ധ മണ്ണായ ജറൂസലം ഉൾകൊള്ളുന്ന പാലസ്‌തീൻ ജൂദന്മാർ കയ്യേറിയതിനെ ന്യായീകരിക്കാനാകില്ല എന്നാണ് തങ്ങളുടെ വാദം. ഇതേ വാദത്തിന്റെ യുക്തി ഉപയോഗിച്ചാൽ യഹൂദരും ക്രിസ്ത്യാനികളും രാപാർത്തിരുന്ന ആ പ്രദേശത്ത്, ആയിരത്താണ്ടുകൾക്കു ശേഷം, മുസ്ലിങ്ങൾ കയ്യേറിയതും ന്യായീകരിക്കാനാകില്ലല്ലോ? അതോ മുസ്ലിങ്ങൾക്ക് ഏതുപ്രദേശവും എങ്ങിനെ, എപ്പോൾ വേണമെങ്കിലും കൈയേറാമെന്നാണോ തങ്ങൾ വിശ്വസിക്കുന്നത്? ഒരു കൂട്ടരുടെ കയ്യേറ്റം ശരി, മറ്റൊരു കൂട്ടരുടെ കയ്യേറ്റം തെറ്റ് എന്ന് കരുതുന്നതിൽ എന്ത് നീതിബോധവും യുക്തിയുമാണുള്ളത്?
(4) മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രങ്ങൾ നിലനിൽക്കുന്നതിനെ തങ്ങൾ അംഗീകരിക്കുന്നുണ്ടോ? ലോകത്തു ഏതാണ്ട് 53 ഇസ്ലാമിക രാജ്യങ്ങൾ നിലവിലുണ്ട്. ക്രൈസ്തവ രാജ്യങ്ങളും അതിലേറെയുണ്ട് . അവയ്ക്കു എല്ലാം നിലനിൽക്കാമെങ്കിൽ, ഈ രണ്ടു മതങ്ങൾക്ക് മുൻപേ ഉണ്ടായ മതമായ, ജൂദമതത്തിനും ഒരു രാജ്യമാകാവുന്നതല്ലേ? യഹൂദർക്ക് ആകെയുള്ള ഒരേ ഒരു രാജ്യമാണ് ഇസ്രായേൽ. മറ്റു മതങ്ങൾക്കെല്ലാം രാജ്യങ്ങളാകാം യഹൂദർക്ക് അത് പാടില്ല എന്നാണോ തങ്ങളുടെ വാദം? അതാണ് വാദമെങ്കിൽ അതിന്റെ യുക്തി എന്ത്? തങ്ങളെ, നമ്മൾ ഇന്ത്യയിൽ ജീവിക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിലാണ്. ജനാധിപത്യ സമൂഹത്തിൽ ഇത്തരം ചോദ്യങ്ങൾക്കു ഉത്തരം ലഭിക്കുക തന്നെ വേണം. നമ്മുടെ രാജ്യം എടുത്തിരിക്കുന്ന നിലപാടിന് എതിരെയാണ് അങ്ങയുടെ നിലപാട്. അതിനു അങ്ങയെ പ്രേരിപ്പിക്കുന്നത് അങ്ങയുടെ മതബോധവുമാണ്. ജനാധിപത്യത്തിന്റെ അടിത്തറ സംവാദമാണ്. യുക്തിശൂന്യമായ നിലപാടുകൾ ഏതു സംവാദത്തെയും അസംബന്ധ നടനമാക്കും. അത് മറക്കരുത്.
Discussion about this post