കണ്ണൂർ: സിപിഎം പ്രവർത്തകനായ തലശ്ശേരി ചമ്പാട്ട് ചന്ദ്രൻ കൊല്ലപ്പെട്ട കേസിൽ പ്രതികളായ മുഴുവൻ ബിജെപി പ്രവർത്തകരെയും വെറുതെ വിട്ട് കോടതി. എഫ്‌ഐആർ കൃത്രിമമായി കെട്ടിച്ചമച്ചതാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്.
2009 മാർച്ച് 12 നാണ് ചമ്പാട്ട് ചന്ദ്രൻ കൊല്ലപ്പെട്ടത്. രാത്രി 7.15 ന് നടന്ന സംഭവത്തിൽ പ്രതികൾ രാഷ്ട്രീയ വൈരാഗ്യത്തോടെ കൃത്യം നടത്തിയെന്ന് ആയിരുന്നു എഫ്‌ഐആറിലെ ആരോപണം. പ്രദേശത്ത് സിപിഎം -ആർഎസ്എസ് സംഘർഷം നിലനിൽക്കെയാണ് കൊലപാതകം നടന്നത്. ഒൻപത് ബിജെപി പ്രവർത്തകരെയാണ് കേസിൽ പ്രതിയാക്കിയിരുന്നത്.
മുണ്ടോൾ വീട്ടിൽ കുട്ടൻ എന്ന അജയൻ (50) നാലു പുരക്കൽ എൻ.പി.ശ്രീജേഷ് (42), വി.സി.സന്തോഷ് (43), കെ.പി. ബിജേഷ്(40), കെ.കെ. സജീവൻ (45), മൊട്ടമ്മൽ എം. ഷാജി(52), പുത്തൻ പുരയിൽ ദിലീപ് കുമാർ (53), പി.പി മന്മദൻ (48) എന്നിവരെയാണ് വെറുതെ വിട്ടത്. കേസിലെ മറ്റൊരു പ്രതി ഒടക്കാത്ത് സന്തോഷിന്റെ സഹോദരൻ വിനയനെ കൊലപ്പെടുത്തിയതിന് പിന്നാലെ ആയിരുന്നു ചന്ദ്രനും കൊല്ലപ്പെട്ടത്. ചന്ദ്രന്റെ കൊലപാതകം ഇതിന് പ്രതികാരമായിട്ടാണ് എന്നായിരുന്നു ആരോപണം.
Discussion about this post