കൊച്ചി : മലയാള പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ അടുത്തിറങ്ങാന്‍ പോകുന്ന മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പം മോഹന്‍ലാല്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ജനുവരി 25നാണ് തീയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ രൂപത്തെ കുറിച്ചുള്ള സഹനടന്‍ ഹരീഷ് പേരടിയുടെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
വാലിബനായി മോഹന്‍ലാലിനെ ആദ്യമായി കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് ഹരീഷ് പേരടി പറയുന്നു. കാലവും ദൈവവും ഈ മനുഷ്യനെ ഏല്‍പ്പിക്കുന്ന ദൗത്യങ്ങള്‍ ഒരു നടന്‍ എന്ന നിലയില്‍ വലിയ പ്രചോദനമാണ് തന്നില്‍ ഉണ്ടാക്കിയതെന്നും ഹരീഷ് കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പുര്‍ണ രൂപം:
വാലിബന്റെ പൂജക്ക് ലാലേട്ടന്‍ രാജസ്ഥാനില്‍ എത്തിയ ദിവസം ഞങ്ങള്‍ വിശേഷങ്ങള്‍ കൈമാറി പിരിഞ്ഞു. അതിന്റെ അടുത്ത ദിവസം രാജസ്ഥാനിലെ ഒരു കാള വണ്ടിയുടെ പിന്നില്‍ മൂപ്പര് വാലിബനായി കാലും തൂക്കിയിട്ട് ഇരിക്കുന്നുണ്ടായിരുന്നു. സത്യത്തില്‍ തലയും താഴ്ത്തി എന്റെ കഥാപാത്രത്തെ മാത്രം ചിന്തിച്ച് നടന്ന ഞാന്‍ ആദ്യം മൂപ്പരെ കണ്ടില്ല. തൊട്ടടുത്ത് എത്തി കുറച്ച് നേരം കഴിഞ്ഞ് തല പൊന്തിച്ചപ്പോളാണ് ഞാന്‍ മൂപ്പരെ വാലിബനായി ആദ്യം കാണുന്നത്.
സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ച് പഠിച്ച ഞാന്‍ വാ പൊളിച്ച് ഒരു സെക്കന്‍ഡിന്റെ ഗ്യാപ്പ് ഇല്ലാതെ പറഞ്ഞു ‘ലാലേട്ടാ ഇത് പൊളിച്ചു’ എന്ന് (ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കണ്ട എല്ലാ മനുഷ്യര്‍ക്കുമുണ്ടായ വികാരം). അപ്പോള്‍ മൂപ്പര് ‘എന്നോട് ഐ ലവ് യൂ ന്ന് പറ’ എന്ന് പറഞ്ഞതിനു ശേഷം ചിരിക്കുന്ന വന്ദനത്തിലെ ആ ചിരി ചിരിച്ച് എന്നോട് ചോദിച്ചു, ഹരീഷ് സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചില്ലേയെന്ന്. വായിച്ചു എന്ന് തലകുലുക്കി ശരീരഭാഷയിലൂടെ പറഞ്ഞ ഞാന്‍ ഒറ്റക്ക് മാറി നിന്ന് എന്റെ മനസ്സിനോട് ഉറക്കെ പറഞ്ഞു, എന്റെ സ്വപനങ്ങളെ കൂടുതല്‍ ഭംഗിയാക്കുന്നവരെ ഞാന്‍ കൂടെ കൂട്ടുമെന്ന്.
കാലവും ദൈവവും ഈ മനുഷ്യനെ ഏല്‍പ്പിക്കുന്ന ദൗത്യങ്ങള്‍ ഒരു നടന്‍ എന്ന നിലയില്‍ വലിയ പ്രചോദനമാണ് എന്നില്‍ ഉണ്ടാക്കിയത്. എഴുതാത്ത എന്റെ ആത്മകഥയിലെ നിറമുള്ള ഏടുകള്‍.
ലാല്‍ സലാം ലാലേട്ടാ..
Discussion about this post