തിരുവനന്തപുരം: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ ഉറ്റവരെ സന്ദർശിച്ച് മിസോറം മുൻ ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. സ്വന്തം അദ്ധ്വാനഫലം സർക്കാരിന് നൽകുന്ന കർഷകൻ ഇവിടെ കടക്കാരനായി മാറുകയാണ്. ഇത് എന്ത് നീതിശാസ്ത്രവും പുരോഗമനവുമാണെന്ന് കുമ്മനം ചോദിച്ചു.
കർഷകർക്കും വ്യവസായികൾക്കും സംരഭകർക്കും അവരവരുടെ ജോലി കൃത്യമായി ചെയ്യാൻ കഴിയുമ്പോഴാണ് നാട് വികസിക്കുന്നത്. മണ്ണിനോട് മല്ലിട്ട് തന്റെ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ പണയപ്പെടുത്തി കൃഷിക്ക് ഇറങ്ങി നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി കഠിനാധ്വാനം ചെയ്യുന്നവർക്ക് ഈ നാട്ടിൽ ജീവിക്കാൻ നിവൃത്തിയില്ലാത്ത സ്ഥിതിയാണ്.
കർഷകരുടെ ജീവിതം ഒന്നാകെ കുളം തോണ്ടുന്ന സ്ഥിതിവിശേഷം കേരളത്തിലല്ലാതെ വേറെ എവിടെയും ഇല്ല. പ്രസാദിന്റെ ആത്മഹത്യ ഭരണാധികാരികളെ ഇരുത്തി ചിന്തിപ്പിക്കണം. സാമൂഹിക നീതി നിഷേധിക്കുന്ന സർക്കാരിനെതിരെ ജനമനസാക്ഷി ഉണരും.
സിപിഎമ്മിന്റെയും സിപിഐയുടെയുമൊക്കെ കർഷക സംഘടനകളുടെ നേതാക്കൾ ഡൽഹിയിൽ പോയി വലിയ പ്രചാര പ്രവർത്തനങ്ങളൊക്കെ നടത്തുന്നുണ്ട്. അവർ എന്താണ് കുട്ടനാട്ടിൽ വന്ന് പ്രസാദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ തയ്യാറാകാത്തതെന്ന് കുമ്മനം ചോദിച്ചു.
നിലവിലുള്ള സംവിധാനങ്ങൾ ഉടച്ചു വാർത്ത് കർഷകരുടെ സുരക്ഷയ്ക്കായുള്ള കാർഷിക നിയമങ്ങൾ നാട്ടിൽ ഉണ്ടാകണം. അതിനാണ് സർക്കാർ ശ്രമിക്കേണ്ടത്. കേരള സർക്കാർ കൊടുത്ത കണക്കുകൾക്കെല്ലാം കേന്ദ്ര സർക്കാർ കൃത്യമായി പണം നൽകിയിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു. അങ്ങനെ അല്ല എന്നുണ്ടെങ്കിൽ കൃത്യമായ കണക്കുകൾ സഹിതം കാര്യങ്ങൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post