കണ്ണൂർ: ഇടതുപക്ഷ സർക്കാരിന്റെ നവകേരള സദസ്സിന് സുരക്ഷ വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസത്തെ പരിപാടികളിൽ പ്രതിഷേധങ്ങൾ കനത്തതിനെ തുടർന്നാണ് നടപടി.
നവകേരള സദസ്സിൽ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചിരുന്നു. മറ്റൊരു വേദിയിൽ പൗരപ്രമുഖർക്കായി ഒഴിച്ചിട്ടിരുന്ന കസേരയിൽ സാധാരണക്കാരൻ കയറി ഇരുന്നതിനെ തുടർന്ന് പോലീസിന് ബലം പ്രയോഗിച്ച് ഇയാളെ നീക്കേണ്ടി വന്നു. ഇത്തരം സാഹചര്യങ്ങളെ സർക്കാർ ഗുരുതരമായാണ് കാണുന്നത് എന്നാണ് വിവരം.
അതേസമയം നവകേരള സദസ് ഇന്ന് കണ്ണൂർ ജില്ലയിൽ പര്യടനം തുടരും. അഴീക്കോട്, കണ്ണൂർ, ധർമ്മടം, തലശ്ശേരി മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് നടക്കുക. ഈ മണ്ഡലങ്ങൾക്ക് പുറമേ മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ പൗരപ്രമുഖരുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും.
രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രവർത്തകരും സിപിഎം- ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഘർഷങ്ങൾക്കിടെ ഡി വൈ എഫ് ഐ പ്രവർത്തകർ പോലീസ് സാന്നിധ്യത്തിൽ തങ്ങളെ ചെടിച്ചട്ടിക്ക് തല്ലി എന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു.
Discussion about this post